ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ അറിയിപ്പും നിർദ്ദേശങ്ങളും നൽകാതെ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിൽ പോസ്റ്റൽ ബാലറ്റ് മുഖാന്തിരവും ഇ.ഡി.സി മുഖാന്തരവും ഇത്തവണ വോട്ട് ചെയ്യിപ്പിക്കുവാനുള്ള ഇലക്ഷൻ കമ്മീഷന്റെ നടപടികൾ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ഭൂരിഭാഗം ജീവനക്കാർക്കും ഇതുമൂലം തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുവാൻ കഴിയാതെ വരുമെന്നും ആയതുകൊണ്ട് ഈ വിഷയത്തിൽ ഇലക്ഷൻ കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും മുൻകാലങ്ങളിൽ ചെയ്തിരുന്നത് പോലെ വോട്ടെണ്ണൽ നടത്തുന്നതിനു മുൻപുവരെ പോസ്റ്റൽ വോട്ട് സ്വീകരിക്കുവാൻ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ എറണാകുളം ജില്ലാ കളക്ടർക്കും ടി ജെ വിനോദ് കത്ത് നൽകി.
ഓരോ പോളിംഗ് സ്റ്റേഷനിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പ്രിസൈഡിങ് ഓഫീസർമാർക്കും പോളിംഗ് ഓഫീസർമാർക്കും അവരുടെ വോട്ട് ചെയ്യുന്ന മണ്ഡലത്തിൽ തന്നെയാണ് ഇലക്ഷൻ ഡ്യൂട്ടി എങ്കിൽ ഡ്യൂട്ടിയുള്ള പോളിംഗ് സ്റ്റേഷനിൽ തന്നെ ഇ.ഡി.സി നൽകി കൊണ്ട് അവർക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്യുന്നതിനും എന്നാൽ ഡ്യൂട്ടി ഉള്ള മണ്ഡലത്തിൽ വോട്ട് ഇല്ലാത്ത ഉദ്യോഗസ്ഥർ ഏപ്രിൽ 12 വരെ പോസ്റ്റൽ ബാലറ്റിന് വേണ്ടി അപേക്ഷിക്കണമെന്നും അപ്രകാരം അപേക്ഷിച്ചവർക്ക് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇലക്ഷൻ ട്രെയിനിങ് നൽകിയ സെന്ററുകളിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പോളിംഗ് ബൂത്തിൽ വന്നു 2024 ഏപ്രിൽ 24 വരെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താവുന്ന വിധത്തിലാണ് ഇത്തവണ ഇലക്ഷൻ കമ്മീഷൻ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്. ഓരോ ട്രെയിനിങ് സെന്ററിലും പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പോളിംഗ് ബൂത്തിൽ നാമമാത്രമായ പോസ്റ്റൽ വോട്ട് മാത്രമാണ് നാളിതുവരെ ലഭിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ട് എപ്രകാരമാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ അറിയിപ്പുകളോ നിർദ്ദേശങ്ങളോ ലഭിച്ചിട്ടില്ല എന്നും മുൻകാലങ്ങളിൽ വോട്ടെണ്ണൽ ദിനത്തിന് മുൻപ് വരെ പോസ്റ്റൽ വോട്ട് സമർപ്പിക്കുവാൻ അവസരം ഉണ്ടായിരുന്നുവെന്നും പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ച ഭൂരിഭാഗം പേർക്കും പോസ്റ്റൽ വോട്ട് ചെയ്യുവാൻ ക്ഷണിച്ചുകൊണ്ട് ഫോൺ മുഖാന്തരമുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നുമാണ് ജീവനക്കാർ തന്നെ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ട്രെയിനിങ് സെന്ററുകളിൽ പ്രത്യേകമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ പോസ്റ്റൽ വോട്ട് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് റിഫ്രഷർ ട്രെയിനിങ് നടത്തുന്നു എന്ന പേരിൽ ഓരോ ട്രെയിനിങ് സെന്ററിലും ഡ്യൂട്ടിക്ക് നിയോഗിച്ച് ട്രെയിനിങ് നൽകിയിരുന്ന ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചു വരുത്തി ട്രെയിനിങ്ങിൽ നൽകിയ നിർദ്ദേശങ്ങൾ തന്നെ വീണ്ടും പറയുന്നുവെന്നും ഉദ്യോഗസ്ഥരുടെ ഓഫീസ് സമയം നഷ്ടപ്പെടുത്തുന്നു എന്നും ജീവനക്കാർ പരാതി പറയുന്നു.
നിലവിൽ ഉണ്ടായിരുന്ന നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുവാൻ പുതിയ സംവിധാനം നടപ്പിലാക്കുമ്പോൾ അതിനെക്കുറിച്ച് കൃത്യമായu നിർദ്ദേശങ്ങളും അറിയിപ്പുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുവാനാവശ്യമായ നടപടികൾ ഇലക്ഷൻ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതായിരുന്നു എന്നും നിലവിൽ ഉണ്ടായിരിക്കുന്ന നടപടിക്രമങ്ങളിലെ വീഴ്ച മൂലം ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ സമ്മതിദാന അവകാശം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ഏപ്രിൽ 24 വരെ മാത്രം പോസ്റ്റൽ വോട്ട് ചെയ്യിപ്പിക്കുവാനുള്ള നീക്കം പുന പരിശോധിക്കണമെന്നും u പോളിംഗ് ദിനത്തിനു ശേഷം വോട്ടെണ്ണൽ ദിനം വരെ പോസ്റ്റൽ വോട്ട് സ്വീകരിക്കുവാനുള്ള നിർദ്ദേശങ്ങൾ ഇലക്ഷൻ കമ്മീഷന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും എറണാകുളം ജില്ല കളക്ടർക്കും യു.ഡി.എഫ് ജനറൽ കൺവീനർ ടി.ജെ വിനോദ് കത്ത് നൽകിയിരിക്കുന്നത്.