kerala news

നവജാത ശിശുവിൻ്റെ കൊലപാതകം: കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തി പ്രതിയായ അമ്മ 

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊന്നു ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി കുഞ്ഞിനെ ജനിച്ചയുടനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. താൻ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നും കൊലപാതകം നടത്തിയത് പരിഭ്രമത്തിലാണെന്നും പോലീസിനോട് ഇവർ പറഞ്ഞു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി പറയുകയും തുടർന്ന് പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, തനിക്ക് യുവതിയുമായുണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്നാണ് യുവാവ് പറഞ്ഞത്. വെള്ളിയാഴ്ച അഞ്ചുമണിയോടെ നടന്ന പ്രസവത്തിനു ശേഷം പരിഭ്രാന്തയായ ഇവർ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊല്ലുകയും ശബ്ദം പുറത്തു വരാതിരിക്കാൻ വേണ്ടി വായിൽ തുണി തിരുകുകയും ചെയ്തു. ശേഷം കയ്യിൽക്കിട്ടിയ പ്ലാസ്റ്റിക് കവറിൽ പൊതിയുകയും ഫ്‌ളാറ്റിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയുമായിരുന്നു. താന്‍ ഗര്‍ഭിണിയായിരുന്നത് വീട്ടുകാർക്ക് അറിയില്ലായിരുന്നുവന്നും അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും യുവതി മൊഴി നൽകി. യുവതി കിടകകയിൽ ഇരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കാറാണ് പതിവെന്നും ഇവരുടെ വീട്ടുകാർ ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നുവെന്നും വീട്ടുജോലിക്കാരി വെളിപ്പെടുത്തിയിരുന്നു. നവജാതശിശുവിൻ്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയത് ഇന്നലെ രാവിലെ 8 മണിയോടെയാണ്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ പൊതിഞ്ഞ് ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തുന്നത്. കുഞ്ഞിനെ പൊതിയാനുപയോഗിച്ച ആമസോൺ പാഴ്സൽ കവറിലുണ്ടായിരുന്ന വിവരങ്ങളാണ് പ്രതികളുടെയടുത്തേയ്ക്ക് പോലീസിനെ നയിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *