പാലാ:_പത്രിക സമർപ്പണത്തിന് മുൻപ് ജോസ് കെ മാണി അമ്മയുടെ അനുഗ്രഹം വാങ്ങിയപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് കരിങ്ങോഴക്കൽ വീട്ടിൽ നടന്നത്.അഞ്ചു പതിറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീത്തിൻ്റെ ചലനങ്ങൾ നിയന്ത്രിച്ച കെഎം മാണിയുടെ സഹധർമ്മിണി കുട്ടിയമ്മ അച്ചാച്ചന്റെ അനുഗ്രഹമുണ്ട് എന്നു പറഞ്ഞു ജോസ് കെ മാണിയുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു
. വീട്ടിൽ നിന്നും ഇറങ്ങി പ്രിയപ്പെട്ട അച്ചാച്ചന്റെ കല്ലറക്കു മുന്നിൽ പ്രാർത്ഥനാ നിരതനായി ഏറെ നേരം നിന്നെ ശേഷമാണ് ജോസ് കെ മാണി നിർദേശ പത്രിക സമർപ്പണത്തിന് പുറപ്പെട്ടത്.പാലാ കുരിശുപള്ളിക്ക് മുന്നിലെത്തിയും പ്രാർത്ഥിച്ചു. അവിടെനിന്നും പ്രവർത്തകർക്കൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തി.
അതിനുശേഷമാണ് പ്രധാനപ്പെട്ട ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തി അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർക്കാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്.സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്,കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു,സിപിഐ നേതാവ് ബാബു കെ ജോർജ് എന്നിവരും പത്രിക സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് സിവിൽ സ്റ്റേഷൻ പരിസരത്തുള്ള കടകൾ കയറി ഇറങ്ങിയും ഓട്ടോ സ്റ്റാൻഡിൽ എത്തിയും ജോസ് കെ മാണി വോട്ട് അഭ്യർത്ഥിച്ചു.പിന്നീട് തലനാട് മൂന്നിലവ് ഭരണങ്ങാനം കടനാട് എന്നീ പഞ്ചായത്തുകളിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംബന്ധിച്ചു.
അതിനുശേഷം പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിക്കുന്നതിനായി വിവിധ മേഖലകളിൽ ഭവന സന്ദർശനം നടത്തി.
നാളെ വൈകുന്നേരം 4 മണിക്ക് എലിക്കുളം, 4.30 ന് മീനച്ചിൽ,5 ന് കൊഴുവനാൽ, 6 ന് കരൂർ എന്നീ പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കും
