Johny Nelloor
kerala news

ജോണി നെല്ലൂരിന് കേരള കോണ്‍ഗ്രസ് (എം) അംഗത്വം

യുഡിഎഫ് സെക്രട്ടറിയായിരുന്ന ജോണി നെല്ലൂര്‍ മാതൃസംഘടനയില്‍ തിരിച്ചെത്തി. പാലായില്‍ പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജോണി നെല്ലൂരിന് ജോസ് കെ മാണി എംപി അംഗത്വം കൈമാറി. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല തന്റെ നീക്കമെന്ന് വ്യക്തമാക്കിയ ജോണി നെല്ലൂര്‍ ഇനിയും ജോസഫ് ഗ്രൂപ്പില്‍ നിന്നും നിരവധി പേര്‍ മാതൃസംഘടനയിലേയ്ക്ക് തിരികെയെത്തുമെന്ന് പറഞ്ഞു. ജോണി നെല്ലൂരിന് അര്‍ഹമായ സ്ഥാനം പാര്‍ട്ടിയില്‍ നല്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

1993-ല്‍ മാതൃസംഘടന വിട്ടയാളാണ് ജോണി നെല്ലൂര്‍ ധൂര്‍ത്തപുത്രനായി ജീവിച്ചശേഷമാണ് താന്‍ തിരികെയെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പലസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവെങ്കിലും മാണി സാറിനെകുറിച്ചുള്ള സ്‌നേഹവും ആരാധനയും നിലനിന്നിരുന്നു. ജേക്കബ് ഗ്രൂപ്പില്‍ 27 വര്‍ഷം പ്രവര്‍ത്തിച്ചെങ്കിലും ജേക്കബിന്റെ മരണത്തിന് ശേഷം മാതൃപാര്‍ട്ടിയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിച്ചു. പലവിധ നീക്കങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല. ഇപ്പോഴാണ് അനുകൂലമായ സാഹചര്യമുണ്ടായത്. 6 മാസമായി താന്‍ രാഷ്ട്രീയത്തിലില്ല. കേരള കോണ്‍ഗ്രസ് എം എല്ലാ ജില്ലകളിലും അടിവേരുകളുള്ള പ്രസ്ഥാനമാണ്. അതിന്റെ വളര്‍ച്ചയ്ക്കായി ഇനി പ്രവര്‍ത്തിക്കും. നിരവധി പേര്‍ ഈ തരത്തില്‍ പാര്‍ട്ടിയിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലേയ്ക്ക് എത്തിയത് സീറ്റ് മോഹിച്ചാണെന്നാണ് പലരും കരുതുന്നത്. അതിനാലാണ് പാര്‍ലമെന്ററി മോഹമില്ല എന്ന് വ്യക്തമാക്കിയത്. പാര്‍ട്ടിയിലെ സാധാരണ മെംബറായി പ്രവര്‍ത്തിക്കും.

ജോസഫ് ഗ്രൂപ്പില്‍ സംസ്ഥാനത്തെമ്പാടും അസംതൃപ്തരായ നിരവധി പേരുണ്ട്. അവരുമായൊക്കെ ബന്ധപ്പെട്ടിരുന്നു. ചെയര്‍മാനുമായി ബന്ധപ്പെട്ട് അവരെയൊക്കെ പാര്‍ട്ടിയിലെത്തിക്കാന്‍ പരിശ്രമിക്കും. ആഭ്യന്തരകലഹമില്ലാതെ ജോസഫ് ഗ്രൂപ്പ് മുന്നോട്ട് പോകില്ല. മുതിരയും പയറും ഒന്നിക്കില്ല. അസംതൃപ്തരാണ് പാര്‍ട്ടിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സെക്രട്ടറിയും എംഎല്‍എയുമായിരുന്ന ജോണി നെല്ലൂരിന്റെ മടങ്ങിവരവ് പാര്‍ട്ടിയ്ക്ക്വലിയ കരുത്തുനല്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. അത് വലിയൊരു സന്ദേശമാണ് ജോസഫ് ഗ്രൂപ്പിനും പൊതുസമൂഹത്തിനും നല്കുന്നത്. നിരവധി പേര്‍ മറുവശത്ത് അസംതൃപ്തരായി നില്‍പുണ്ട്. പാര്‍ട്ടിയൊക്കെ ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും ഏതാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പോടെ വ്യക്തമായി കഴിഞ്ഞു. ജോണി നെല്ലൂര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പാര്‍ട്ടിയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിച്ചതാണ്. കര്‍ഷകര്‍ക്ക് വേണ്ടി ശക്തമായി ശബ്ദിക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം.

ഉചിതമായ പദവി ജോണി നെല്ലൂരിന് നല്കും. ജില്ലാതലത്തില്‍ നിരവധി പേര്‍ പാര്‍ട്ടിയിലേയ്ക്ക് വന്നിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള നേതാവ് വരുമ്പോള്‍ പദവി നല്കും. കോട്ടയം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഒന്നില്‍ കൂടുതല്‍ സീറ്റ് അര്‍ഹതപ്പെട്ടതാണ് . അത് പരിഗണിക്കുമെന്നാണ് കരുതുന്നത്. പാലാ നഗരസഭയിലെ വിഷയം പ്രദേശികവും വ്യക്തിപരവുമായ വിഷയമാണ്. താനാണ് അതിന് പിന്നിലെന്ന് പറയുന്നത് പരിഗണിക്കേണ്ടതില്ലെന്നും കേരള കോണ്‍ഗ്രസ് വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

പാലായിൽ എത്തിയ ജോണി നെല്ലൂരിനെ പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, വനിതാ കോൺഗ്രസ് (എം) പ്രസിഡണ്ട് പെണ്ണമ്മ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസഫ് ചാമക്കാല, സണ്ണി വടക്കേമുളഞ്ഞ നാൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജയ്സൺമാന്തോട്ടം, ടോബിൻ കെ.അലക്സ്, ബിജു പാലൂപടവൻ, തോമസ് കുട്ടി വരിക്കയിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *