അമ്പലപ്പുഴ : ഗുണ്ടുകളും പെട്രോളും കത്തിയുമായി ഭാര്യയെയും മക്കളെയും ഭാര്യാപിതാവിനെയും കൊല്ലാനായി ഭാര്യയുടെ വീട്ടിലെത്തിയ നാല്പതുകാരൻ പോലീസ് പിടിയിൽ. നാട്ടുകാരുടെ സഹായത്തോടെയാണ് അതിക്രമം നടത്തിയ ഇയാളെ പോലീസ് കീഴടക്കിയത്.
അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്ത മാന്നാര്‍ എരമത്തൂര്‍ സ്വദേശി പ്രമോദിനെതീരെ വധശ്രമത്തിനു കേസെടുത്തു. ഭാര്യ രാധുവിൻ്റെ വീട്ടിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഭാര്യാപിതാവ് മോഹന്‍ദാസുമായി ഇയാൾ വഴക്കുണ്ടാക്കുന്നത് കണ്ട പരിസരവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ഇയാളുടെ തോള്‍സഞ്ചിയില്‍നിന്ന് കത്തിയും റോപ്പും ആറു ഗുണ്ടുകളും കുപ്പികളിലാക്കിയ മൂന്നു ലിറ്റര്‍ പെട്രോളും കണ്ടെടുത്തു. അതിസാഹസികമായാണ് അമ്പലപ്പുഴ പോലീസെത്തി ഇയാളെ കീഴടക്കിയത്.
ഇതിനു പിന്നിൽ കുടുംബവഴക്കാണെന്ന് പോലീസ് അറിയിച്ചു. മദ്യപിച്ചെത്തിയുള്ള ഉപദ്രവം സഹിക്കാതെയാണ് കഴിഞ്ഞ ജനുവരിയില്‍ മക്കളെയും കൂട്ടി രാധു ഭർത്താവിൻ്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കു മാറിയത്. മാന്നാർ പോലീസ് സ്റ്റേഷനിലും കേസുള്ള ഇയാളെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.