കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊട്ടാരക്കര കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍ (51), ഭാര്യ അനിതകുമാരി (39), മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ മൂന്നു പ്രതികള്‍ മാത്രമാണുള്ളത്. തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ ലക്ഷ്യം സാമ്പത്തിക നേട്ടമായിരുന്നുവെന്നും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടെന്നും കുറ്റപത്രം പറയുന്നു.തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്‌സാക്ഷി. ഇതല്ലാതെ പുളിയറയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആള്‍, കുളമടയിലെ ചായക്കടയില്‍ പ്രതികള്‍ എത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, ചായക്കടയുടമയായ സ്ത്രീ, ഫാം ഹൗസ് ജീവനക്കാരി തുടങ്ങിയവരും സാക്ഷിപ്പട്ടികയിലുണ്ട്. തട്ടിക്കൊണ്ടു പോയശേഷം പണം ആവശ്യപ്പെട്ടു ഫോണ്‍ ചെയ്തത് അനിത കുമാരിയാണെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ട് 4.20 നാണ് മരുതമണ്‍പള്ളി കാറ്റാടിയിലെ വീടിനു സമീപത്തുനിന്ന് പദ്മകുമാറും കുടുംബവും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രിതന്നെ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണില്‍ വിളിക്കുകയും ചെയ്തു. പിറ്റേന്ന് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു.ഡിസംബര്‍ ഒന്നിനാണു പ്രതികളെ തമിഴ്നാടിനടുത്തു പുളിയറയില്‍നിന്ന് അന്വേഷണസംഘം പിടികൂടിയത്.
