muthoot volleyball academy
kerala news Local news News

കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര്‍ അനൂശ്രീക്ക് സ്വപ്‌ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി

പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര്‍ അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സഫലമാകുന്നത്. പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ നിര്‍മിക്കുന്ന വീടിന് മുത്തൂറ്റ് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് തറക്കല്ലിട്ടു.

തിരുച്ചിറപ്പള്ളിയില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ കേരള വോളിബോള്‍ ടീമിനെ നയിച്ചത് എ.ആര്‍. അനുശ്രീയാണ്. നന്ത്യാട്ടുകുന്നം എസ്.എന്‍.വി മുത്തൂറ്റ് അക്കാഡമിയിലാണ് അനുശ്രീ പരിശീലനം നടത്തുന്നത്. ബാര്‍ബറായ പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ രാജേഷിന്റേയും ധന്യയുടേയും മകളാണ്. പെരുവാരത്ത് വാടക വീട്ടിലാണ് അനുശ്രീയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.

2018 മുതല്‍ അനുശ്രീ ദേശീയതാരമാണ്. 2020 ലും 2021 ലും ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും 2022ല്‍ ദേശീയ സ്‌കൂള്‍ ഗെയിംസിലും 2019 ല്‍ ദേശീയ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഉദീഷ് ഉല്ലാസ്, സി.എസ്.ആര്‍ മേധാവി പ്രശാന്ത് നെല്ലിക്കല്‍, മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു, എസ്എന്‍ഡിപി യോഗം പറവൂര്‍ യൂണിയന്‍ പ്രസിഡന്റ് സി.എന്‍ രാധാകൃഷ്ണന്‍, എസ്എന്‍ഡിപി യോഗം പറവൂര്‍ യൂണിയന്‍ സെക്രട്ടറി ഷൈജു മനക്കപ്പടി, എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡി.ബാബു, എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.പി ബിനു, എസ്എന്‍വി സ്‌കൂള്‍ എച്ച്.എം സി കെ ബിജു, കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ സ്‌കൂള്‍ മാനേജര്‍ ഭാനു പ്രിയന്‍ മാസ്റ്റര്‍, കരിമ്പടം ഡി.ഡി സഭ സ്‌കൂള്‍ മാനേജര്‍ ജീന്‍ സുധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *