കോഴിക്കോട്: നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം വൻ അഗ്നിബാധ. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. സ്റ്റാൻഡിന്റെ കിഴക്കുഭാഗത്തെ കള്ളുഷാപ്പിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ മാലിന്യത്തിനാണ് തീപിടിത്തമുണ്ടായത്. കൂട്ടിയിട്ട ടയറിന്റെ അവശിഷ്ടങ്ങൾക്ക് ആദ്യം തീപിടിക്കുകയും ആളിപ്പടരുകയുമായിരുന്നു. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയുടെ നാലു യൂനിറ്റെത്തി കഠിന പരിശ്രമം നടത്തിയെങ്കിലും തീ കത്തുകയാണ്. അഗ്നിരക്ഷാസേനയടക്കം ശ്രമിച്ചിട്ടും രാത്രി ഒരു മണിയായിട്ടും പൂർണമായും തീയണക്കാനായിട്ടില്ല. ബസ് സ്റ്റാൻഡിനുള്ളിൽ നൂറുകണക്കിന് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യത്തിലേക്കുകൂടി തീപടർന്ന് വൻ അപകടം ഉണ്ടാകുമെന്നതിനാൽ അഗ്നിരക്ഷാസേന പ്രദേശം സുരക്ഷിതമാക്കി.
ടയർ അവശിഷ്ടങ്ങൾ ഉള്ളതിനാൽ തീ പൂർണമായി അണക്കാൻ സമയമെടുക്കുമെന്ന് അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു. പലതവണ വെള്ളം തീർന്നതിനാൽ ഫയർ എൻജിനുകൾക്ക് പുനർസംഭരണത്തിന് ജലാശയങ്ങളിൽ പോകേണ്ടിവന്നതും തടസ്സമായി. ടയർ കത്തി പുക പടർന്നതിനാൽ സമീപത്തുള്ളവർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.