tiger has bitten and killed a farmer's pet dog
kerala news

മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ കര്‍ഷകന്‍റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നെന്ന് പരാതി

കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ കര്‍ഷകന്‍റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നെന്ന് പരാതി. എക്കല്‍ മല പൃക്കന്‍തോട്ടിലെ കോഞ്ഞാട്ട് സന്തോഷിന്റെ വീട്ടിലെ നായയെയാണ് ഭൂരിഭാഗവും ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നായയെ വീടിന് പിറകില്‍ കെട്ടിയിട്ടതായിരുന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ആക്രമണം.

രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നായയെ കൊന്ന് ഭൂരിഭാഗവും തിന്ന നിലയിൽ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ എക്കലില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ കാമറ ഘടിപ്പിച്ചു. എന്നാല്‍ കാമറയില്‍ ഇതുവരെ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. നായയെ പുലി കൊന്ന വാര്‍ത്ത കൂടി പരന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

കഴിഞ്ഞ ദിവസം പൂഴിത്തോട് ഭാഗത്ത് കണ്ട പുലി തന്നെയാണ് കടന്തറ പുഴയ്ക്ക് അക്കരെയുള്ള മരുതോങ്കര പഞ്ചായത്തിലെ എക്കല്‍, പൃക്കന്‍തോട് ഭാഗത്ത് എത്തിയത് എന്നാണ് വനപാലകരുടെ നിഗമനം. വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തും വനംവകുപ്പും പൊലീസ് അധികൃതരും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *