കോഴിക്കോട് അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കസബ പൊലീസ് ആണ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെ അറസ്റ്റ് ചെയ്തത്.
അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ ലക്ഷങ്ങൾ ഫീസ് വാങ്ങി നടത്തി എന്ന പരാതിയിലാണ് ശ്യാംജിത്ത് പിടിയിലായത്. ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകൾ ആണ് നടത്തിയിരുന്നത്. 1.20 ലക്ഷം രൂപ ഫീസ് ആരോഗ്യ സർവകലാശാല അംഗീകാരം ഉണ്ടെന്നു കാണിച്ച് വാങ്ങിയാണ് കോഴ്സ് നടത്തുന്നത്.
64 വിദ്യാർത്ഥികൾ മൂന്നുവർഷത്തെ കോഴ്സിൽ പഠിക്കുന്നുണ്ട്. കോഴ്സുകൾക്ക് അംഗീകാരം ഇല്ലെന്ന് ഇൻ്റേൺഷിപ്പിനായി വിദ്യാർഥികൾ ആശുപത്രികളിൽ ചെന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. ഫീസും എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ സർട്ടിഫിക്കറ്റുകളും ഇതോടെ വിദ്യാർഥികൾ തിരികെ ആവശ്യപ്പെട്ടെങ്കിലും മാനേജർ തയ്യാറായില്ല.