കൊച്ചി: വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയത്തിൽ ബലക്ഷയം. ഫ്ളാറ്റിൽനിന്ന് നിന്ന് അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ പറഞ്ഞു. ജി.സി.ഡി.എയും തൃപ്പൂണിത്തുറ നഗരസഭയിലെ എൻജിനിയറിങ് വിഭാഗവും സംഘടിപ്പിച്ച പരിശോധന റിപ്പോർട്ടിലാണ് ഫ്ലാറ്റ് വാസയോഗ്യമല്ല എന്ന് കണ്ടെത്തിയത്. ഫ്ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപണിയിലൂടെ പരിഹരിക്കാൻ സാധിക്കില്ലെന്നും താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷന്റെ വൈറ്റിലയിലുള്ള ചന്ദീർകുഞ്ച് ഫ്ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്നാണ് നഗരസഭയുടെ എൻജിനിയറിങ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.ഫ്ലാറ്റിന്റെ ബീമുകൾക്കും സ്ലാബുകൾക്കും ഗുരുതര ബലക്ഷയമുണ്ട്. നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന കോൺഗ്രീറ്റും കമ്പികളും ഇപ്പോഴേ തകർന്നു കഴിഞ്ഞു. ഫ്ലാറ്റിന്റെ നിലനിൽപ്പ് തന്നെ അപകടാവസ്ഥയിലായ സാഹചര്യത്തിൽ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.