ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും പ്ലാന്റ് സന്ദർശിച്ചു
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും, അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷിന്റെയും കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാസിനിയുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി.
ടെൻഡർ ചെയ്തിട്ടുള്ള പദ്ധതിപ്രകാരമുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കാനും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭക്ഷ്യ മാലിന്യങ്ങളുടെ സംസ്കരണത്തിനായി സജ്ജീകരിക്കുന്ന പുതിയ രണ്ട് പ്ലാന്റുകളുടെ നിർമ്മാണം വിലയിരുത്തി. ബയോമൈനിങ്ങുമായി ബന്ധപ്പെട്ട് പ്ലാന്റിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. പ്ലാന്റിനുള്ളിലൂടെയുള്ള റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുതിയ പ്ലാന്റ് നിർമ്മിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ ബി. പി.സി.എല്ലിന് കൈമാറുന്ന ഭൂമിയും സന്ദർശിച്ചു.
കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്ലാന്റിൽ നിയമിച്ചിട്ടുള്ള ഫയർ വാച്ചർമാരുടെ പ്രവർത്തനവും വിലയിരുത്തി. ചൂട് കൂടുന്ന സാഹചര്യം മുന്നിൽകണ്ട് എല്ലാവിധ സുരക്ഷ മുന്നൊരുക്കങ്ങളോടും കൂടിയാണ് പ്ലാന്റ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. കൃത്യമായി ഇടവേളകളിൽ നനച്ചു കൊടുക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണ്. പ്ലാന്റിന് സമീപത്തൂടെ ഒഴുകുന്ന ചിത്രപ്പുഴയിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഫ്ലോട്ടിങ് ജെസിബി ഉപയോഗിച്ച് പായലും ചെളിയും നീക്കി പുഴയുടെ ആഴം കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ വി. ഇ അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.