കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിനെ ഇലക്ഷൻ റൈസെന്നാണ് വിളിക്കേണ്ടതെന്ന് മന്ത്രി എം ബി രാജേഷ്. ബിജെപി ഭരിച്ച 10 വർഷം ഇങ്ങനെയുള്ള അരി കണ്ടിരുന്നില്ല. തെരഞ്ഞെടുപ്പ് റൈസുമായി ഇപ്പോൾ കേന്ദ്രം ഇറങ്ങിയിരിക്കുകയാണ്. ബിജെപി കേരളത്തോട് ചെയ്ത കൊടും പാതകത്തെ ഭാരത് റൈസ് അരിവിതരണത്തിലൂടെ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയിൽ ഗത്യന്തരമില്ലാതെയാണ് സർക്കാർ സുപ്രീം കോടതിയെ സമിപ്പിച്ചത്. കേരളത്തിൻ്റെ പരാതിയിൽ കഴമ്പുണ്ടെന്ന് സുപ്രീം കോടതിക്ക് വ്യക്തമായിട്ടുണ്ട്. അത് കൊണ്ടാണ് ആദ്യം കേന്ദ്രവുമായി ചർച്ച ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. പ്രളയകാലത്ത് നൽകിയ അരിയ്ക്ക് വരെ കണക്ക് പറഞ്ഞ് കാശ് വാങ്ങിയ ആളുകളാണ് കേന്ദ്രം. ഷൈലോക്കിനെ പോലെ കേന്ദ്രം കണക്ക് പറഞ്ഞ് കാശ് വാങ്ങി. ആ കേന്ദ്രമാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇപ്പോൾ ഭാരത് അരിയുമായി ഇറങ്ങിയിരിക്കുന്നത്. പ്രളയകാലത്തെ അരിയ്ക്ക് പണം വാങ്ങിയതിന് ആദ്യം മറുപടി പറയണം.