കൊച്ചി- പത്തനംതിട്ട മണ്ഡലത്തിലെ നിലവിലെ എം.പി.യും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ആന്റോ ആന്റണിയുടെ പുൽവാമഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന രാജ്യ വിരുദ്ധവും ആ ഭീകരാക്രമണത്തിൽ ബലിദാനികളായ 42 ഭാരത സൈനികരെയും ജീവൻ തൃണവത്ഗണിച്ച് രാജ്യം കാക്കുന്ന ലക്ഷക്കണക്കിന് സൈനികരെയും അപമാനിക്കുന്നതാണ്. തെറ്റ് മനസ്സിലാക്കി അദ്ദേഹം നിരുപാധികം മാപ്പു പറയാൻ തയ്യാറാകണം. അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമനടപടികളുമായി ബി ജെ പിമുന്നോട്ടു പോകുമെന്ന് ബി ജെ പി ദേശീയ സെകട്ടറിയും ദേശീയ വക്താവും പത്തനംത്തിട്ട മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി വ്യക്തമാക്കി.
കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാൻ പാർലമെന്റിൽ അവിടുത്തെ ഒരു കേന്ദ്രമന്ത്രി തന്നെ ഇത് പാക്കിസ്ഥാന്റെ വിജയമായി പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ 15 വർഷം ഇന്ത്യൻ പാർലമെന്റിൽ ഉണ്ടായിരുന്ന ഒരാൾ പാക്കിസ്ഥാന്റെ പങ്ക് എന്തെന്ന ചോദ്യമുന്നയിച്ച് പാക്കിസ്ഥാനെ വെള്ളപൂശാൻ ശ്രമിക്കുകയാണ്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ്സ് നേതാക്കൾ സ്വദേശത്തും വിദേശത്തും രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് രാജ്യത്തെ ഇകഴ്ത്തി കെട്ടാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കി കഴിഞ്ഞു. ഭരണഘടനയുടെ ഷെഡ്യൂൾ 7, സെക്ഷൻ 17, 19 പ്രകാരം പൗരത്വം നൽകൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതു കേന്ദ്ര സർക്കാരിന്റെ ചുമതലയാണ്. കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ സി.എ. എ നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രിമാരുടെ വാദം ജനങ്ങളെ വിഡ്ഢികളാക്കാൻ മാത്രമുള്ളതാണ്. കേവലം രാഷ്ട്രീയലാഭത്തിനായി ജനങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. സി.എ.എ. നടപ്പിലാക്കുന്നത് ലോകത്തിലെ ഒരു ശക്തിക്കും തടയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജന. സെക്രട്ടറിമാരായ എസ്.സജി, വി.കെ. ഭസിത്കുമാർ എന്നിവരും പങ്കെടുത്തു.