കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല
Local news

കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കുന്നു.

കേരളീയ രുചിഭേദങ്ങളുടെയും ജനകീയതയുടെയും പര്യായമായ കഫേ കുടുംബശ്രീ ഇനി വേറെ ലെവലില്‍. കെട്ടിലും മട്ടിലും സേവനങ്ങളിലും ഉന്നത നിലവാരത്തോടെ കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കുന്നു. സംസ്ഥാനത്ത് ആദ്യ പ്രീമിയം കഫേ ജനുവരി 27ന് അങ്കമാലിയില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തൃശൂരില്‍ ഗുരുവായൂര്‍, പാലക്കാട് കണ്ണമ്പ്ര, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളിലും കഫേ പ്രീമിയം പ്രവര്‍ത്തനം ആരംഭിക്കും.

സംസ്ഥാനതലത്തില്‍ സംസ്ഥാന ദേശീയ പാതയോരങ്ങള്‍, പ്രമുഖ നഗരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വൈകാതെ ബ്രാന്‍ഡഡ് കഫേകള്‍ വ്യാപകമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തിന്‍റെ തനതു വിഭവങ്ങള്‍ക്ക് പുറമേ, കേരളത്തിനകത്തും പുറത്തും ഇതിനകം ഹിറ്റായ കുടുംബശ്രീയുടെ പ്രത്യേക വിഭവങ്ങള്‍ പ്രീമിയം കഫേകളില്‍ ലഭിക്കും.

അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്ക്കരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ സൗകര്യങ്ങളാണ് പ്രീമിയം കഫേകളില്‍ വിഭാവനം ചെയ്യുന്നത്. ഒരേ സമയം കുറഞ്ഞത് അമ്പത് പേര്‍ക്കെങ്കിലും ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പ്രതിദിനം കുറഞ്ഞത് 18 മണിക്കൂറാണ് പ്രവര്‍ത്തന സമയമായി ലക്ഷ്യമിടുന്നത്. പ്രത്യേക ലോഗോയും ഏകീകൃത രൂപകല്‍പന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകള്‍ തുറക്കുന്നത്.

പ്രീമിയം കഫേകള്‍ ആരംഭിക്കുന്നതോടെ ഇതില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് കാന്‍റീന്‍ കാറ്ററിംഗ് രംഗത്ത് കൂടുതല്‍ പ്രഷണലിസം കൈവരിക്കാന്‍ അവസരമൊരുങ്ങും. നിലവില്‍ കുടുംബശ്രീയുടെ കീഴിലുളള 288 ബ്രാന്‍ഡഡ് കഫേകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരവും വരുമാനവര്‍ധനവും ഇതിലൂടെ ലഭിക്കും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അവസരമുണ്ട്. ഓരോ പ്രീമിയം കഫേയിലും കുറഞ്ഞത് 15 വനിതകള്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. സംസ്ഥാനത്ത് 1198 ജനകീയ ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്കും ഭാവിയില്‍ പ്രീമിയം കഫേ വഴി മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്കാന്‍ കഴിയും. അതത് സി.ഡി.എസുകള്‍ വഴിയാണ് പ്രീമിയം കഫേകളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഓരോ പ്രീമിയം കഫേക്കും 20 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയിട്ടുണ്ട്.

റോജി എം.ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എം.പി ആദ്യവില്‍പണ നടത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് പദ്ധതി വിശദീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *