സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ 90 കോടി രൂപ ചെലവിൽ കാക്കനാട് നിർമ്മിച്ച ഇൻ്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 4 വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
എക്സിബിഷനുകൾ, വ്യവസായിക പ്രമോഷനുകൾ, കല കൗശല വസ്തുക്കളുടെ പ്രദർശനം, വ്യാപാരമേളകൾ, കോൺഫറൻസുകൾ, ബിനാലെ, എക്സ്പോ തുടങ്ങിയവയ്ക്കുള്ള ലക്ഷ്യസ്ഥാനമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 90 കോടി രൂപ ചെലവിൽ 10 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 55,000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള പ്രദർശന ഹാൾ, 4500 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ആറ് മോഡ്യൂളുകൾ ആയി നിർമ്മിച്ചിട്ടുള്ള എക്സിബിഷൻ സെൻ്റർ, ആധുനിക സെക്യൂരിറ്റി സംവിധാനങ്ങൾ കൂടാതെ വിശാലമായ പാർക്കിംഗ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കിൻഫ്ര ഇൻറർനാഷണൽ എക്സിബിഷൻ സെൻ്റർ സംസ്ഥാനത്തെ വ്യവസായിക, കാർഷിക മേഖലയിലെ യൂണിറ്റുകൾക്ക് പ്രദർശനത്തിനുള്ള സൗകര്യമൊരുക്കുന്നതിലൂടെ ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ വിപണികൾ കണ്ടെത്തി പുത്തൻ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ഹൈബി ഈഡൻ എംപി ഉദ്ഘാടന ചടങ്ങിൽ വിശിഷ്ട അതിഥിയാകും. ഉമ തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം പി എം മുഹമ്മദ് ഹനീഷ് പ്രത്യേക പ്രഭാഷണം നടത്തും.
വ്യവസായം ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, പതിനൊന്നാം വാർഡ് കൗൺസിലർ എം ഒ വർഗീസ്, കിൻഫ്ര എക്സ്പോർട്ട് പ്രമോഷണൽ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, യു എൽ സി സി എസ് ലിമിറ്റഡ് ചെയർമാൻ പാലേരി രമേശൻ, കിൻഫ്ര ജനറൽ മാനേജർ ടി ബി അമ്പിളി തുടങ്ങിയവർ ഉദ്ഘാടനത്തിൽ സംസാരിക്കും. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് പ്രൊജക്റ്റ് അവതരണം നടത്തും.