എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കപ്രിക്കാട് അഭയാരണ്യം. നിരവധി വിനോദസഞ്ചാരികളാണ് പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഇവിടം സന്ദർശിക്കാൻ എത്തുന്നത്. ഇതിൽ നല്ലൊരു പങ്കും കുട്ടികളുമാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കായി പ്രത്യേക പാർക്കും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
നവീകരിച്ച, കുട്ടികളുടെ പാർക്ക് കഴിഞ്ഞദിവസം ബെന്നി ബഹനാൻ എം.പി തുറന്നു നൽകി. എം.പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്കിന്റെ നവീകരണം പൂർത്തിയാക്കിയത്. പഴയ റൈഡുകളെല്ലാം നീക്കി പുതിയതായി 11 റൈഡുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
പ്രകൃതി ഭംഗിയോട് ചേർന്ന് നിൽക്കുന്ന വിധത്തിലാണ് പാർക്കിന്റെ നിർമ്മാണം. മനോഹരമായ പുൽത്തകിടിയും അതിനിടയിലൂടെയുള്ള നടപ്പാതയും ഒരുക്കിയാണ് ഓരോ റൈഡുകളും സ്ഥാപിച്ചിരിക്കുന്നത്. ആനകളും, മ്ലാവുകളും, പുള്ളിമാനുകളും, ചിത്രലഭ പാര്‍ക്കും, ആയുര്‍വേദ സസ്യങ്ങളുടെ ഉദ്യാനവുമൊക്കെയാണ്
അഭയാരണ്യത്തിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
പ്രവൃത്തി ദിവസങ്ങളിൽ ശരാശരി 300 ലധികം സഞ്ചാരികളും അവധി ദിവസങ്ങളിൽ 1500 മുതൽ 2000 പേരും ഇവിടെ എത്തുന്നുണ്ട്. പെരിയാറിന്റെ തീരത്ത് 250 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന അഭയാരണ്യം വനംവകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 300 രൂപയുമാണ് അഭയാരണ്യത്തിലെ പ്രവേശന നിരക്ക്.
രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ച ദിവസം അവധിയായിക്കും. കോടനാട് നിന്ന് രണ്ട് കിലോമീറ്ററും പെരുമ്പാവൂരില്‍ നിന്ന് 13 കിലോ മീറ്ററുമാണ് അഭയാരണ്യത്തിലേക്കുള്ള ദൂരം.