cpim
kerala news News Politics

സിപിഎം സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി

തൃശ്ശൂര്‍: സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം സി.പി.എമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഐ.ടി വകുപ്പിന് നല്‍കിയ കണക്കില്‍ കാണിച്ചത് ഒരു കെട്ടിടം മാത്രമാണെന്നും ഏഴ് വസ്തുക്കള്‍ വിറ്റെന്നുമാണ് ലഭിക്കുന്ന വിവരം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍നിന്ന് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

ആദായനികുതി കണക്കിൽ കാണിച്ചത് ജില്ലാ ആസ്ഥാനത്തെ സ്വത്തുവിവരം മാത്രമാണ്. പ്രാദേശികതലത്തില്‍ പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ഫണ്ട് പിരിവില്‍ ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനേയും മുൻ എംപി പി.കെ. ബിജുവിനേയും ഇ.ഡി തിങ്കളാഴ്ചയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

നേരത്തേ കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. തൃശ്ശൂരിലുള്ള 25-ഓളം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ രഹസ്യ അക്കൗണ്ടുകളായി പ്രവര്‍ത്തിച്ചെന്നും കണ്ടെത്തി. ഈ വിവരങ്ങള്‍ റിസര്‍വ് ബാങ്കിനേയും ഇലക്ഷന്‍ കമ്മിഷനേയും അറിയിച്ചിരുന്നു. പിന്നാലെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. എം.എം വര്‍ഗീസിനെ ചോദ്യം ചെയ്തതിന് പിന്നാലെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *