M. V. Govindan
kerala news News Politics

പോലീസ് പ്രതിചേര്‍ത്തത് സ്‌ഫോടനസ്ഥലത്ത് സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ DYFI സഖാവിനെ- എം.വി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.എം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.

നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നല്‍കാനുംവേണ്ടി പ്രവര്‍ത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോള്‍ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

അറസ്റ്റിലായ റെഡ് വൊളന്റിയർ ക്യാപ്റ്റനായ അമല്‍ ബാബുവിനെ കുറിച്ചാണ് ഗോവിന്ദന്റെ പരാമര്‍ശം. ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തിയാണ് അമലിനെ അറസ്റ്റ് ചെയ്തത്. സി.പി.എമ്മിന്റെ കുന്നോത്ത് പറമ്പിലെ വൊളന്റിയർ ക്യാപ്റ്റനായ അമൽ ബാബു നേരത്തെ ഡി.വൈ.എഫ്.ഐയുടെ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു.

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. ‘മരിച്ച വീടുകളില്‍ പോകുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ അര്‍ഥം അവര്‍ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ല. മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാല്‍ മതി’, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *