കൊച്ചി: ചെറിയ പെരുനാൾ പ്രമാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ അവധി നൽകിയിരുന്നു. എങ്കിലും രാവിലെ മുതൽ വീട്ടിൽ സന്ദർശകരുടെ തിരക്കായിരുന്നു. പുലർച്ചെ മുതൽ തന്നെ ആവശ്യങ്ങൾക്കായി എത്തിയ സന്ദർശകരെ സ്വീകരിച്ചു. രാവിലെ പത്ത് മണി വരെ സന്ദർശകരെ സ്വീകരിച്ച ശേഷം ഹൈബി ഈഡൻ ഭാര്യ അന്നയ്ക്കും മകൾ ക്ലാരയ്ക്കുമൊപ്പം വള്ളിക്കാവിലേക്ക് തിരിച്ചു. അമൃതാനന്ദമയി മഠത്തിലെത്തിയ ഹൈബി ഈഡന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച ഹൈബി ഈഡനും കുടുംബവും ഒരു മണിക്കൂറോളം അമ്മയുമൊത്ത് ചെലവഴിച്ചു. നിറഞ്ഞ പുഞ്ചിരിയോടെയാണ് അമ്മ ഹൈബിയെയും കുടുംബത്തെയും സ്വീകരിച്ചത്. വിജയിച്ചു വരൂ എന്ന ആശംസയോടെയാണ് മാതാ അമൃതാനന്ദമയി ഹൈബി ഈഡനെ യാത്രയാക്കിയത്. പ്രചാരണത്തിന് അവധി നൽകിയിരുന്നെങ്കിലും വ്യക്തിപരമായ സന്ദർശനങ്ങൾക്കും ഫോൺ വഴി പിന്തുണ തേടാനും ഹൈബി സമയം കണ്ടെത്തി
