തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാലകളിൽ യുജിസി ചട്ടം ലംഘിച്ച് വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ചാൻസലർകൂടിയായ ഗവർണറുടെ തീരുമാനം ഇന്ന്. കഴിഞ്ഞ ദിവസം വൈസ് ചാൻസലർമാരെ യുജിസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹിയറിംഗിനു വിളിച്ചിരുന്നു. വിസിസ്ഥാനത്തേക്കു തങ്ങളെ തെരഞ്ഞെടുത്ത നടപടിക്രമം ശരിയാണെന്ന നിലപാടാണു ഹിയറിംഗിൽ പങ്കെടുത്ത വിസിമാർ സ്വീകരിച്ചത്. ഇതോടെ ഇനി എന്തു തീരുമാനം കൈക്കൊള്ളണമെന്ന കാര്യത്തിൽ ഗവർണറുടെ നീക്കം നിർണായകമാണ്. ചെന്നൈയിൽ പോയി ഇന്നലെ വൈകുന്നേരം ഗവർണർ തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഇന്നുതന്നെ വിസിമാരുടെ കാര്യത്തിൽ ഗവർണർ തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന.
