കൊച്ചി: ഉപഭോക്താക്കൾക്ക് കുടുതൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും എഡൽവെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറൻസ് സഹകരണത്തിന് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷൂറൻസ് സേവനങ്ങൾ ലഭിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ വൈവിധ്യവൽക്കരിക്കുകയും ഇവ സാമ്പത്തിക സേവനങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലേക്കും ജനങ്ങളിലേക്കുമെത്തിക്കുകയും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ ഉറപ്പാക്കുകയുമാണ് ഈ സഹകരണത്തിലൂടെ ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്.
“എഡൽവെയിസ് ടോക്കിയോ ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്ന സാമ്പത്തിക സുരക്ഷിതത്വ ത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. ഇതിലൂടെ ലൈഫ് ഇൻഷുറൻസ് ലഭ്യത താഴെത്തട്ടിലുള്ള സമൂഹത്തിലേക്കും എത്തിക്കാൻ സാധിക്കും,” ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.
എല്ലാവർക്കും ഇൻഷുറൻസ് എന്ന ഐആർഡിഎഐയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ലൈഫ് ഇൻഷുറൻസ് വിതരണം ഞങ്ങൾ മെച്ചപ്പെടുത്തി വരികയാണ്. ദക്ഷിണേന്ത്യയിൽ ഞങ്ങൾക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇസാഫ് ബാങ്കുമായുള്ള പങ്കാളിത്തം ഇത് കൂടുതൽ ശക്തിപ്പെടുത്താനും ഉപഭോക്തൃ ധാരണ മെച്ചപ്പെടുത്താനും സഹായിക്കും,’ എഡൽവെയിസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ സുമിത് റായ് പറഞ്ഞു.