മഴ തുടരുന്നതിനാൽ ഇന്നും ചില വിമാനങ്ങൾ റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ‌്‌പെെസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാവിലെ 10.30ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ മഴ കനക്കുന്നു; തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി
വെെകിട്ട് 5.15ന് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. കനത്ത മഴ ദുബായ് വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ 75 വർഷത്തിനിടിയിൽ ദുബായ് സാക്ഷ്യംവഹിക്കാത്ത തരത്തിലുളള മഴയാണ് ഇപ്പോൾ പലയിടങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ ദുബായിലെ പലയിടങ്ങളിലായി ആരംഭിച്ച മഴയ്ക്ക് ഇതുവരെ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി യുഎഇ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയുടെ ഭാഗമായി ദുബായിലെ വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, മാളുകൾ, റോഡുകൾ, വ്യാപാര സ്ഥാനങ്ങൾ എന്നിവ വെളളത്തിനടയിലായിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂറിൽ 160 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയെന്നാണ് കണക്കുകളും പുറത്തുവന്നിരുന്നു.