പനമരം: വയനാട് പനമരത്തുനിന്ന് 14 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ. പനമരം സി.കെ ക്വാർട്ടേഴ്‌സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ രണ്ടാം ഭർത്താവ് വിനോദി (29) നെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. നാടോടികളായ ഇരുവരെയും പോക്സോ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. എട്ടാംക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചമുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പനമരം പോലീസ് ടവർ ലൊക്കേഷൻ പരിശോധിച്ച്
നടത്തിയ അന്വേഷണത്തിൽ തൃശ്ശൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂർ സിറ്റി പോലീസിന്റെ സഹായത്തോടെയാണ് തൃശ്ശൂർ പാലപ്പെട്ടി വളവ് എന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭർത്താവ് വിനോദും ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.കുട്ടിയുടെ വീടിനുസമീപത്താണ് തങ്കമ്മയുടെ സഹോദരിയുടെ വീട്. അവിടെ അവർ ഇടയ്ക്കുവന്ന് താമസിക്കാറുണ്ട്. അങ്ങനെയാണ് ഇവർ കുട്ടിയെ പരിചയപ്പെട്ടത്. വിനോദ് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത പോക്സോ കേസിലും പ്രതിയാണ്.
പനമരം എസ്.എച്ച്.ഒ. വി. സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. കെ. ദിനേശൻ, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. കെ.എൻ. സുനിൽകുമാർ, സി.പി.ഒ.മാരായ എം.എൻ. ശിഹാബ്, സി.കെ. രാജി, ഇ.എൽ. ജോൺസൺ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.