പാലാ : കൊച്ചുകൊട്ടാരം, ഞണ്ടുപാറ ഗ്രാമങ്ങൾ ഏറെ ഞെട്ടലോടെയാണ് ഒരു കുടുംബത്തിലെ അഞ്ചു ജീവനുകൾ പൊലിഞ്ഞത് നോക്കിക്കാണുന്നത്. ഞണ്ടുപാറ കുടിലിപ്പറമ്പിൽ ജയ്സൺ തോമസ് (44), ഭാര്യ മെറീന (29), മക്കളായ ജെറാൾഡ് (4), ജെറീന (2), ജെറിൽ (7 മാസം) എന്നിവരടങ്ങുന്ന കുടുംബത്തെയാണ് വാടക വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഇവർ താമസിച്ചിരുന്ന കൊച്ചുകൊട്ടാരം ഭാഗത്തെ വാടകവീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വലിയ റബർത്തോട്ടത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട വീടാണിത്.
കൂട്ടമരണ വിവരം അറിഞ്ഞ് ഇവിടെയെത്തിച്ചേർന്നത് നൂറുകണക്കിനാളുകളാണ്. ഇന്നലെ വൈകിട്ട് ഉരുളികുന്നം സെൻറ് ജോർജ് പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷയിലും നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.