K. Surendran
News Politics

പൗരത്വഭേദഗതി നിയമത്തിൻ്റെ മറവിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

കൊച്ചി: പൗരത്വഭേദഗതി നിയമത്തിൻ്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ മുസ്ലിം സമുദായത്തെ കബളിപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരൻമാർക്ക് വേണ്ടിയല്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയാണ് ആ നിയമം നിർമ്മിച്ചത്. അത് നമ്മുടെ രാജ്യത്തിൻ്റെ ബാധ്യതയാണ്. ആരുടെയും പൗരത്വം എടുത്തുകളയാൻ വേണ്ടിയല്ല ഈ നിയമമെന്ന് മനസിലാക്കിയിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആട്ടിയോടിക്കപ്പെട്ടവർക്ക് ഇവിടെ പൗരത്വം കൊടുക്കില്ലെന്നാണ് പിണറായി വിജയൻ പറയുന്നത്. അതിന് ആരെങ്കിലും പൗരത്വത്തിന് പിണറായി വിജയനെ സമീപിച്ചിട്ടുണ്ടോ? പൗരത്വത്തിൻ്റെ കാര്യമെല്ലാം ജില്ലാ കളക്ടർമാർ ചെയ്തുകൊള്ളും. അത് ആലോചിച്ച് മുഖ്യമന്ത്രി വിഷമിക്കണ്ട. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്താണ് കാര്യം. കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല. സിഎഎ നമ്മുടെ നാട്ടിൽ നിയമമായി കഴിഞ്ഞു. ഇനി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. കൊല്ലത്ത് ഡിറ്റൻഷൻ സെൻ്റർ തുടങ്ങിയ ആളാണ് കേരള മുഖ്യമന്ത്രി. ഇന്ത്യയിൽ ആദ്യമായി അനധികൃത കടന്നുകയറ്റക്കാരെ പാർപ്പിക്കാൻ ക്യാമ്പ് തുടങ്ങിയത് കേരളത്തിലാണ്. ആദ്യം സിഎഎ നടപ്പാക്കുന്ന സംസ്ഥാനവും കേരളമായിരിക്കും. മോദി സർക്കാരിൻ്റെ ഗ്യാരണ്ടിയാണ് സിഎഎ. വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ സമരം ചെയ്യാൻ യുഡിഎഫിനും എൽഡിഎഫിനും ധൈര്യമുണ്ടോ? പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ മതത്തിൻ്റെ പേരിൽ മുസ്ലിംങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല എന്നിരിക്കെ എന്തിനാണ് മുസ്ലിംങ്ങളെയും സിഎഎയിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്. ഇണ്ടി മുന്നണി വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്നാണ് കെ.സുധാകരൻ പറയുന്നത്. എന്നാൽ രാഹുൽഗാന്ധിയൊ മറ്റ് പിസിസി അദ്ധ്യക്ഷൻമാരോ എന്താണ് ഇങ്ങനെ പറയാത്തതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *