M.T Ramesh
Local news

ലോകസഭ തിരഞ്ഞെടുപ്പ് കേരളത്തിലും മോദി അനുകൂലികളും വിരുദ്ധരും തമ്മിൽ – എം.ടി. രമേശ്

കൊച്ചി- നരേന്ദ്രമോദി സർക്കാരിന്റെ വികസനത്തിനനുകൂലമായ ജനകീയ വികാരം കേരളത്തിലും ശക്തമാണെന്നും ലോകസഭാ തിരഞ്ഞെടുപ്പിൽ മോദി അനുകൂലികളും വിരുദ്ധരും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്തും നടക്കുവാൻ പോകുന്നതെന്നും ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു. എറണാകുളം ലോകസഭ മണ്ഡലത്തിലെ കേരള പദയാത്രയുടെ ഭാഗമായി ഹോട്ടൽ മറൈൻ ഇന്നിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മൂന്നാം പ്രാവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്. ഓരോ സന്ദർശനത്തിലും സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകുന്ന ഒട്ടേറെ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും. കഴിഞ്ഞ 10 വർഷത്തെ മോദിസർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് തിരഞ്ഞെടുപ്പിൽ പ്രധാന ചാർച്ചയാകാൻ പോകുന്നത്. ഇതിനെ പ്രതിരോധിക്കാൻ സാധാരണ രാഷ്ട്രീയം കൊണ്ട് കഴിയാതെ വന്ന ഇടതു – വലതു രാഷ്ട്രീയക്കാർ സംഘടിത മതവിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്ലിം മത വിഭാഗകളുടെ പിന്നാലെയാണ്. മുസ്ലിം മതരാഷ്ട്രീയത്തിന്റെ പ്രകടിതരൂപമായ മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം കോൺഗ്രസ് അംഗീകരിച്ചു കഴിഞ്ഞു. എൽ.ഡി.എഫ് കൺവീനറും ഈ ആവശ്യത്തെ പിന്താങുന്നു.
സംഘടിത മതവോട്ടുകൾ കയ്യിലുണ്ടെന്ന ധാർഷ്ട്യത്താൽ മുസ്ലീംലീഗ് കോൺഗ്രസ്സിനോടും സി.പി.എമ്മിനോടും നടത്തുന്ന രാഷ്ട്രീയ വിലപേശൽ അപകടകരമാണ്. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകൾ മാത്രമല്ല, മറ്റ് ജില്ലകളും മറ്റാളുകളും മറ്റ് വോട്ടുകളും ഉണ്ടെന്ന കാര്യം ലീഗ് നേതൃത്വവും അവർക്ക് കീഴടങ്ങുന്ന കോൺഗ്രസ്സ് – സി പി എം നേത്യത്വവും ഓർക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും സംസ്ഥാന സർക്കാർ ധൂർത്തും ദുർവ്യയവും തുടരുകയാണ്. കേന്ദ്ര സർക്കാർ അർഹമായതെല്ലാം നൽകിയിട്ടും കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തീകമായി ഞെരിക്കുന്നു എന്നാണ് പരാതി. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച തുകയും ചിലവഴിച്ചതുകയും സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ദുർബലനായ ധനകാര്യമന്ത്രിയാണ് ബാലഗോപാൽ.
അദ്ദേഹത്തിന്റെ കാര്യനിർവ്വ കണശേഷിയുടെ കുറവാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം കേന്ദ്ര ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്യം സംസ്ഥാന ധനകാര്യ വകുപ്പുദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെടാൻ കാരണം. സംസ്ഥാന സർക്കാരിന്റെ ധൂർത്തും ദുർവ്യയവും അഴിമതിയും കെടുകാര്യസ്ഥതയും തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്നും രമേശ് കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ ബി ജെ പി സംസ്ഥാന വക്താക്കളായ അഡ്വ. നാരായണൻ നമ്പൂതിരി, കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ഷൈജു, ജന. സെക്രട്ടറി എസ്. സജി,. എസ്.ജെ.ഡി. ജില്ലാ പ്രസിഡണ്ട് ജോഷി തോമസ്, ജെ.ആർ.പി. സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് കുന്നു കര എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *