lok sabha election voting machine
kerala news News

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം; വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി.

സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും പരാതികളും അപ്പപ്പോൾ തന്നെ പരിഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടർമാരും സ്ത്രീവോട്ടർമാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കായി. വോട്ടർമാർക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ബൂത്തുകളിൽ വീൽചെയർ, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥർ ബൂത്തുകൾക്ക് സുരക്ഷയേകി. എട്ട് ജില്ലകളിൽ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.

വോട്ടിങ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലുള്ള സ്ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ:*തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ*തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം

*ചെന്നീർക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം*മാവേലിക്കര ബിഷപ്പ് മൂർ കോളേജ്-മാവേലിക്കര മണ്ഡലം*ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം*ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം *പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-ഇടുക്കി മണ്ഡലം*കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം*ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം*തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്-തൃശൂർ മണ്ഡലം*പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂർ, പാലക്കാട് മണ്ഡലങ്ങൾ*തെക്കുമുറി എസ് എസ് എം പോളിടെക്നിക്-പൊന്നാനി മണ്ഡലം*ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം*വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്സ്-കോഴിക്കോട്, വടകര മണ്ഡലങ്ങൾ*മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം*കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ-വയനാട് മണ്ഡലം*ചുങ്കത്തറ മാർത്തോമ കോളേജ് -വയനാട് മണ്ഡലം,*ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം*ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കണ്ണൂർ മണ്ഡലം*പെരിയ കേരള സെൻട്രൽ യൂണിവേഴ്സിറ്റി-കാസർകോട് മണ്ഡലം.

കളക്ഷൻ സെന്ററുകളിൽ നിന്ന് സ്ട്രോങ് റൂമുകളിൽ എത്തിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് ഡബിൾ ലോക്ക് ചെയ്താണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമുള്ള ഒരു പ്ലറ്റൂൺ സുരക്ഷസേന ഓരോ കേന്ദ്രത്തിന്റെയും സുരക്ഷയ്ക്കായുണ്ടാവും. രണ്ട് തലങ്ങളിലുള്ള സുരക്ഷാസംവിധാനമാണ് സ്ട്രോങ് റൂമുകൾക്ക് പുറത്തുണ്ടാവുക. ആദ്യ സുരക്ഷാവലയം സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും പുറമേയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായ കൺട്രോൾ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സിസിടിവി നിരീക്ഷിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ഇവിടെയെത്തി സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കാൻ അവസരമുണ്ടാവും. ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുകയെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *