കൊച്ചി: മില്ലറ്റ് വർഷമായ 2024നു യോജിച്ച മെഷിനുകളാണ് മെഷിനറി എക്സ്പോയിൽ കെ എം എസ് ഇന്ഡസ്ട്രീസിന്റെ സ്റ്റാളിൽ ശ്രദ്ധേയം. ഏതിനം മില്ലറ്റും ഏതിനം ആവശ്യത്തിനും ഉപയോഗിക്കാനാകും വിധം പൊടിക്കാനാകുന്ന യന്ത്രങ്ങൾ ഇവിടെയുണ്ട്. 0.5 എച്ച്പി മുതൽ കുറഞ്ഞ വൈദ്യുതിയിൽ സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്ന ഗാർഹിക, വ്യാവസായിക ആവശ്യത്തിനുള്ള 80 ഇനം യന്ത്രങ്ങൾ ഇവിടെയുണ്ട്. എല്ലാം അഗ്രോ, ഫുഡ് പ്രോസസിംഗ് യന്ത്രങ്ങൾ. വില പതിനയ്യായിരം രൂപമുതൽ. വിവിധ ആവശ്യങ്ങൾക്കായുള്ള വ്യത്യസ്‌ത പൊടിക്കൽ യന്ത്രങ്ങൾ, ജ്യൂസർ, ഷവർമ മെഷീൻ, സ്ലൈസറു കൾ, വെജിറ്റബിൾ ചോപ്പറുകൾ, ഐസ് ക്രഷറുകൾ, ഉണക്കൽ യന്ത്രങ്ങൾ, ഗ്രില്ലിംഗ് മെഷീനുകൾ തുടങ്ങി വിവിധ മെഷിനുകൾ കൈപ്പിടിയിലൊതുങ്ങുന്ന മുതൽമുടക്കിൽ സ്വന്തമാക്കാനാകും. രണ്ടു മിനിറ്റിൽ 1000 തുന്നൽ! മിനിറ്റുകൾക്കുള്ളിൽ സുന്ദരമായ തുന്നൽ ചിത്രവേല ഒരുക്കുന്ന കംപ്യൂട്ടറൈസ്‌ഡ് എംബ്രോയ്‌ഡറി മെഷിൻ എക്സ്പോയിൽ ശ്രദ്ധേയം. രണ്ടുമിനിറ്റിൽ ആയിരം തുന്നലുകളാണ് അപ്പാരൽ സൊല്യൂഷൻസ് അവതരിപ്പിക്കുന്ന മെഷിൻ തീർക്കുന്നത്.
തുണിയിൽ എംബ്രോയ്‌ഡറി ചെയ്യേണ്ട ചിത്രം മെഷീനിലെ കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്‌താൽ മതി. അത് അതേപടി യന്ത്രം തുണിയിൽ തുന്നും. നാലര ലക്ഷം രൂപയാണ് മെഷീന് വില. 20,000 രൂപയ്ക്ക് ഇലക്ട്രിക്ക് ചക്ക്
വിവിധയിനം ഇലക്ട്രിക് എണ്ണയാട്ടു യന്ത്രങ്ങളെ അവതരിപ്പിച്ച് മെഷിനറി എക്സ്പോയിൽ ആകർഷകം ഹാൻഡി തിങ്ക് എഞ്ചിനീയറിംഗിന്റെ സ്റ്റാൾ. കയ്യിൽ കൊണ്ടുനടക്കാവുന്ന, വീട്ടാവശ്യത്തിനുള്ള മെഷിൻ മുതൽ വ്യാവസായിക ആവശ്യത്തിനുള്ള വലിയ യന്ത്രം വരെ ഇവിടെയുണ്ട്. ചെറിയ യന്ത്രത്തിൽ ഒരു മണിക്കൂർ കൊണ്ട് രണ്ടു ലിറ്റർ എണ്ണ ലഭിക്കും. വിലക്കിഴിവാണ് സ്‌റ്റാളിന്റെ മറ്റൊരു പ്രത്യേകത. 20,000 രൂപമുതൽ രണ്ടുലക്ഷം രൂപവരെയാണ് ഇലക്ട്രിക് ചക്കുകളുടെ വില. വ്യാവസായിക ആവശ്യത്തിനുള്ള യന്ത്രത്തിന് സബ്‌സിഡിക്കും യോഗ്യതയുണ്ട്.
കേവലം നൂറു സ്‌ക്വയർ ഫീറ്റിൽ കൊപ്ര ആട്ടാൻ പര്യാപ്‌തമായ യന്ത്രവുമായി തൃശൂർ പുല്ലഴിയിലെ പ്യുവർ ഓയിൽ സ്റ്റേഷനും മെഷിനറി എക്സ്പോയിൽ ശ്രദ്ധനേടുന്നു. സംരംഭം ആരംഭിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉൾപ്പെടുന്നതാണ് പ്യുവർ ഓയിൽ സ്റ്റേഷന്റെ പാക്കേജ്. കൊപ്ര ഡ്രയർ, കട്ടർ, ഇലക്ട്രിക് ചക്ക്, എണ്ണ സംഭരിക്കാൻ കണ്ടെയ്‌നർ, പിണ്ണാക്കിടാൻ സംഭരണി എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടുന്നു.
സിംഗിൾ ഫേസിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെഷിൻ പാക്കേജിന് നാലുലക്ഷത്തിൽ പരം രൂപയാണ് വില.