ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 532.51 കോടി രൂപ ആയുഷ് മേഖലയുടെ വികസനത്തിനു വേണ്ടി അനുവദിച്ചതായും ഇത് കഴിഞ്ഞ വർഷങ്ങളെക്കാൾ മൂന്നിരട്ടിയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വർഷം ഹോമിയോപ്പതി വിഭാഗത്തിൽ 40 മെഡിക്കൽ ഓഫീസർ തസ്തികളും ആയുർവേദത്തിൽ 116 തസ്തികളും സൃഷ്ടിച്ചു. ജില്ലയിൽ ആയുഷ് മിഷൻ സ്കീമിൽ ഉൾപ്പെടുത്തി പുറമേരി ഹോമിയോ ആശുപത്രിയ്ക്ക് ഒരു കോടി രൂപയും ജില്ലാ ഹോമിയോ ആശുപത്രിയുടെ എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾക്കായി 15 ലക്ഷവും അനുവദിച്ചു. ജി എച്ച് ഡി താമരശ്ശേരി, ഓമശ്ശേരി, കുരുവട്ടൂർ, വട്ടച്ചിറ എന്നീ നാല് ഹോമിയോ ഡിസ്പെൻസറികൾക്ക് 30 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.