New Kerala Women's Congress
kerala news

നവ കേരള സ്ത്രീ സദസ്: മുഖ്യമന്ത്രിയുമായി മുഖാമുഖം 22 ന്

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ നവകേരള സദസിന്റെ തുടര്‍നടപടിയുടെ ഭാഗമായി നടത്തുന്ന നവ കേരള സ്ത്രീ സദസില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള 2500 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫെബ്രുവരി 22ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിയായ നവ കേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

രാവിലെ 9.30 ന് സദസ് ആരംഭിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 10 വനിതകള്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ച ശേഷം വേദിയിലുള്ള 10 വനിതകളും സംസാരിക്കും. തുടര്‍ന്ന് സദസിലുള്ള 50 പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി. 

വനിതകളുടെ മുന്നേറ്റത്തിന് ഗുണകരമാകുന്ന പരിപാടിയാകും ഇതെന്നും നവകേരള സൃഷ്ടിയിലൂടെ സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കുകയാണ് സദസിലൂടെ ലക്ഷ്യമിടുന്നതെന്നും  മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *