വെള്ളക്കെട്ട് നിവാരണം
Local news

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ മൂന്ന്, നാല് ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

ജില്ല കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ സാന്നിധ്യത്തില്‍ മേയര്‍ അഡ്വ. എം അനില്‍ കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി മുല്ലശ്ശേരി കനാലിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനം നടന്നു വരികയാണ്. നിലവില്‍ കനാലിന്റെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് പിറകുവശത്തെ ഭാഗത്ത് ടോപ് സ്ലാബ് നിര്‍മാണമാണ് നടക്കുന്നത്. കൂടാതെ കെ എസ് ആര്‍ ടി സി റോഡ് മുതല്‍ ചിറ്റൂര്‍ റോഡ് ഭാഗം, ഫാഷന്‍ സ്ട്രീറ്റ് റോഡ്, എം ജി റോഡ് മുതല്‍ പി ടി ഉഷ റോഡ് എന്നിവിടങ്ങളിലെ കാനകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നടന്നുവരികയാണ്.

അടുത്ത മഴക്കാലത്തിനു മുമ്പ് നഗരസഭയിലെ വെള്ളക്കെട്ട് പരമാവധി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. നാലാം ഘട്ടത്തില്‍ ഉള്‍പ്പെട്ട കമ്മട്ടിപ്പാടത്തെ കലുങ്കുകളുടെയും കനാലിന്റെയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവുമായി ബന്ധപ്പെട്ട് ഹൈക്കോട്ട് പരിസരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കായല്‍ മൗത്ത് വരെയുള്ള കാനകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള നടപടി സ്വീകരിച്ചു. തേവര, പേരണ്ടൂര്‍ കനാലിന്റെ സൈഡ് ഭിത്തി ഇടിഞ്ഞതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, നഗരത്തിലെ കനാലുകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും പായല്‍ നീക്കുന്നതിനുള്ള ജോലികളും അടുത്ത മാര്‍ച്ചിന് മുമ്പ് തീര്‍ക്കുവാന്‍ യോഗം തീരുമാനിച്ചു. കൂടാതെ മഴക്കാല വെള്ളകെട്ടുകളും മണ്ണൊലിപ്പും പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തികരിക്കും.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിവാരണവുമായി ബന്ധപ്പെട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്ന് നല്‍കിയിരിക്കുന്ന പമ്പുകള്‍ക്ക് പൈപ്പുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിട്ടി(ഡി.ഡി.എം.എ) ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി നഗരസഭ സെക്രട്ടറി വിി.ചെല്‍സ സിനി, വിവിധ വകുപ്പുള്ളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *