പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 15നും 19നും കേരളത്തിൽ സന്ദർശനം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് വെള്ളിയാഴ്ച പത്തനംതിട്ടയിലാണ് ആദ്യ പരിപാടി. 12ഒാടെ പ്രധാനമന്ത്രി സമ്മേളനവേദിയിൽ എത്തും. ഡൽഹിയിൽനിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലിറങ്ങും. തുടർന്ന് റോഡുമാർഗം സ്റ്റേഡിയത്തിലെത്തും. 19ന് വീണ്ടും പ്രധാനമന്ത്രി പാലക്കാട്ട് എത്തും.
