Lok Sabha Elections
News Politics

കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌

രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നു നടക്കും. വോട്ടെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കേണ്ടത് 39 ദിവസമാണ്.

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 28ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. കേരളം ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രിൽ നാലാണ്. ഏപ്രിൽ അഞ്ചിന് ‌പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആയിരിക്കും.

സമാധാന അന്തരീക്ഷം നിലനിർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ പാർട്ടികളോടും അഭ്യർത്ഥിച്ചു. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്നും പ്രശ്‌നബാധിത ബൂത്തുകളിൽ വെബ്ബ് കാസ്റ്റിംഗ് സംവിധാനം സജ്ജീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം, പണം ഉൾപ്പെടെ നൽകുന്നത് കർശനമായി നിരോധിക്കും. ഓൺലൈൻ പണമിടപാടുകളും നിരീക്ഷിക്കും. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി ഐടി ആക്റ്റ് പ്രകാരം സ്വീകരിക്കും. വിദ്വേഷ പ്രസംഗം പാടില്ല. സ്വകാര്യ ജീവിതത്തിനെതിരായ വിമർശനം പാടില്ല. നിർദേശങ്ങളുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. എതിരാളികളെ മോശമായി ചിത്രീകരിക്കുന്ന സമൂഹമാധ്യ പോസ്റ്റുകൾ പാടില്ല. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് നിരീക്ഷകരെ രാജ്യത്തുടനീളം വിന്യസിക്കും.

Leave a Reply

Your email address will not be published. Required fields are marked *