മുഖ്യമന്ത്രിയുമായി മുഖാമുഖം
വ്യാഴാഴ്ച്ച (22) നെടുമ്പാശ്ശേരിയില്‍
സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന് വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടി- നവകേരള സ്ത്രീ സദസ്സ് വ്യാഴാഴ്ച(ഫെബ്രുവരി 22) രാവിലെ 9.30 മുതല്‍ 1.30 വരെ നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
സാമൂഹ്യരംഗത്തെ ഇടപെടലിലൂടെ സ്ത്രീകളെ നവകേരള നിര്‍മ്മിതിയുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ച ശേഷമായിരിക്കും സ്ത്രീകള്‍ സംസാരിക്കുക. അഭിപ്രായങ്ങള്‍ എഴുതി നല്‍കാനും അവസരം ഉണ്ടാകും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. രണ്ടായിരം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കും.
ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, അന്‍വര്‍ സാദത്ത് എം.എല്‍.എ, വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. ടി എന്‍ സീമ പരിപാടിയില്‍ മോഡറേറ്ററാകും.
രാവിലെ എട്ടിന് രജിസ്ട്രേഷന് ആരംഭിക്കും. തുടര്‍ന്ന് 8.30 ന് സംഗീത പരിപാടിയും അരങ്ങേറും.