കേരളീയരില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ സാധിച്ചുവെന്ന് രാഹുൽ ഗാന്ധി. മലയാളികൾ സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനായി സംയുക്തമായി നടത്തിയ ശ്രമങ്ങള്‍ കേരളത്തിൻ്റെ ആര്‍.എസ്.എസിനുള്ള വ്യക്തമായ മറുപടിയാണെന്നു പറഞ്ഞ രാഹുൽ, ജാതി-മത ഭേദമന്യേയാണ് അബ്ദുല്‍ റഹീമിനായി മലയാളികൾ ഒരുമിച്ച് നില കൊണ്ടതെന്നും കോഴിക്കോട് ബീച്ചില്‍ നടന്ന യു.ഡി.എഫ് മഹാറാലിയില്‍ വെച്ച് കൂട്ടിച്ചേർക്കുകയുണ്ടായി. മലയാളികൾ ഇദ്ദേഹത്തിനായി 34 കോടി രൂപ സ്വരൂപിക്കുക എന്ന ലക്ഷ്യത്തിലേക്കെത്തിയത് വളരെ ചുരുക്കം ദിവസങ്ങൾ കൊണ്ടാണെന്നും, ഇന്ത്യയിലെ വെറും ഒരു സംസ്ഥാനം മാത്രമല്ല, തച്ചുടക്കാൻ കഴിയാത്ത സംസ്കാരമാണ് കേരളമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. മലയാളികൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിച്ചത് വെറുപ്പിൻ്റെ രാഷ്ട്രീയത്തെയാണെന്ന് പറഞ്ഞ രാഹുൽ, ജാതിയുടെയും മതത്തിൻ്റെയും പേരിൽ ജന്മം നല്‍കിയ നാട്ടില്‍ നിന്ന് ഒരാളെയും നാടുകടത്താന്‍ ഇന്ത്യാ സഖ്യം സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു.
