റോഡ് സുരക്ഷാ മാസാചരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, മോട്ടോർ വാഹന വകുപ്പ്, ലയൺസ് ക്ലബ് ഇൻ്റർനാഷണൽ, നെഹ്റു യുവ കേന്ദ്ര എറണാകുളം എന്നിവരുടെ നേതൃത്വത്തിലാണ് കാക്കനാട് സിവിൽ സ്റ്റേഷനിൽ ക്യാമ്പ് സംഘടിപ്പിച്ചത്. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ലയൺസ് ക്ലബ് ചീഫ് പ്രോജക്ട് ഡയറക്ടർ സി. ജി ശ്രീകുമാർ,അമൃത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ജയൻ, ജില്ലയിലെ വിവിധ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ജനുവരി 11 ന് തുടങ്ങി ഒരു മാസം നീണ്ടു നിന്ന റോഡ് സുരക്ഷാ മാസാചരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ ജില്ലാ ഭരണകൂടം, കേരള പോലീസ്,മോട്ടോർ വാഹന വകുപ്പ്, നെഹ്റു യുവ കേന്ദ്ര, എൻ.എസ്.എസ്, ലയൺസ് ക്ലബ്, എന്നിവരുടെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ്, ട്രാഫിക് നിയമ ബോധവൽക്കരണം, ക്വിസ് മത്സരം, ബൈക്ക് റാലി, രക്തദാന ക്യാമ്പ്, സൗജന്യ ഹെൽമെറ്റ് വിതരണം, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.