Chettikkad-Kunhithai Bridg
Local news

പറവൂർ വടക്കേക്കരയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലം യാഥാർത്ഥ്യമാകുന്നു.

പറവൂരിൽ നടന്ന നവകേരള സദസ്സിൽ‍ ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലത്തിൻ്റെ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കര ഗ്രാമപഞ്ചായത്ത് നിവേദനം നൽകി. ഇതേ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ 4 കോടി രൂപ ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലത്തിന് അനുവദിച്ചു.

പാലത്തിൻ്റെ അപ്രോച്ച് റോഡിന് വേണ്ടി കണ്ടെത്തേണ്ട വസ്തുവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഇതു പൂർത്തിയാക്കുന്നതോടെ പാലം നിർമാണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങും.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനു വേണ്ടി 24.36 സെന്റ് വസ്തു പൊന്നുംവില നടപടിയിലൂടെ 1,28,57,600 രൂപ പഞ്ചായത്ത് അടച്ച് പതിനെട്ടോളം വസ്തു ഉടമകൾക്ക് രൂപ കൈമാറിയതിലൂടെ ഈ വസ്തുക്കൾ പഞ്ചായത്ത് നേരത്തെ എറ്റെടുത്തു.

എന്നാൽ പാലത്തിന്റെ അപ്രോച്ച് റോഡിനു വേണ്ടി കണ്ടെത്തേണ്ട വസ്തുവിൽ 12.36 സെൻ്റ് സ്ഥലം ചെട്ടിക്കാട് കയർ സംഘത്തിന്റേതാണ്. വസ്തു വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കയർബോർഡ് ഡയറക്ടർക്ക് പഞ്ചായത്ത് കത്ത് നൽകുകയും വസ്തു വിട്ടുതരാൻ സന്നദ്ധത അറിയിച്ചു കൊണ്ട് മറുപടി ലഭിക്കുകയും ചെയ്തു.

ഇതു പ്രകാരം പറവൂർ തഹസിൽദാരോട് പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം വസ്തുവിന്റെ വാല്യുവേഷൻ എടുത്തു തരണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് ഏറ്റെടുക്കേണ്ടതായ വസ്തുവിന്റെ മൂല്യം 12.5 ലക്ഷം രൂപയായി നിർണയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ല പ്ലാനിംങ്ങ് കമ്മിറ്റിക്ക് പ്രൊജക്ട് തയ്യാറാക്കി സമർപ്പിച്ച് അംഗീകാരം ലഭിച്ചു. ഇതേ തുടർന്ന് വസ്തു ഏറ്റെടുക്കുവാന്‍ തുക മാറ്റിവെച്ചിട്ടുണ്ട്. ആധാരം ഈ മാസം രജിസ്റ്റർ ചെയ്യും.

ഇക്കാര്യങ്ങളെല്ലാം തന്നെ നവകേരള സദസിൽ സമർപ്പിച്ച നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബജറ്റിൽ 4 കോടി രൂപ ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലത്തിന് വേണ്ടി അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *