തിരുവനന്തപുരം: മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ സബിൻ ഇക്‌ബാലിന്റെ നിരൂപക പ്രശംസ നേടിയ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി. പുസ്തകത്തിന്റ ഒദ്യോഗിക പ്രകാശനം പോളണ്ടിലെ പോസ്‌നൻ ബുക്ക് ഫെയറിൽ വെച്ച് നടന്നു. ഇതാദ്യമായാണ് മലയാളിയായ എഴുത്തുകാരന്റെ പുസ്തകം പോളിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. പോളണ്ടിലെ പോസ്‌നാനിലെ ആദം മിക്കിവിക്‌സ് യൂണിവേഴ്‌സിറ്റിയാണ് പുസ്തകം പരിഭാഷക്കായി തിരഞ്ഞെടുത്തത്. 400 വർഷം പഴക്കമുള്ള പോളണ്ടിലെ പ്രസിദ്ധമായ സർവകലാശാലയാണ് ഇത്. പോളണ്ടിലെ സ്വന്തത്ര പ്രസിദ്ധീകരണശാലയായ പോസ്‌നാൻ പബ്ലിഷിംഗ് ഹൗസാണ് പ്രസാധകർ. സർവ്വകലാശായുടെ പോളിഷ് ആൻഡ് ക്ലാസിക്കൽ ഫിലോളജി വിഭാഗത്തിലെ പ്രൊഫ ഏക രാജവെസ്‌കയാണ് പരിഭാഷക.
പത്രപ്രവർത്തകൻ, സാഹിത്യോത്സവ ക്യൂറേറ്റർ എന്നി നിലകളിൽ അറിയപ്പെടുന്ന സബിൻ ഇക്‌ബാലിന്റെ ആദ്യ നോവലാണ് “ദി ക്ലിഫ്‌ഹാംഗേഴ്‌സ്”. വർക്കല ക്ലിഫിൻ്റെ പശ്ചാത്തലത്തിൽ നാല് മുസ്ലിം യുവാക്കളുടെ കഥ പറയുന്നതാണ് നോവൽ. ഇന്ത്യയിലെ മത സാമൂഹിക ചുറ്റുപാടിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വത്വം തേടുന്ന നാലു യുവാക്കളുടെ ജീവിതത്തിലൂടെയാണ് നോവൽ വികസിക്കുന്നത്. “ദി ക്ലിഫ്‌ഹാംഗേഴ്‌സ്” മലയാളത്തിലേക്ക് ‘സമുദ്രശേഷം’ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്.
പോളിഷ് ഭാഷയിലേക്കുള്ള നോവലിന്റെ വിവർത്തനം ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകൾക്കും പ്രാദേശിക കഥകൾക്കുമുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് സബിൻ ഇക്‌ബാൽ പറഞ്ഞു. നമ്മുടെ കഥകൾക്കും ജീവിതത്തിന്റെ വിശ്വമാനവികതയുടെ ഗരിമയുണ്ട്. എന്നാൽ നമ്മുടെ കഥകളൊന്നും നമ്മുക്ക് അപ്പുറത്തേക്കുള്ള മനുഷ്യരിലേക്ക് എത്തിയിട്ടില്ല. ഇത്തരത്തിൽ വിവിധ വിദേശഭാഷകളിലേക്ക് നമ്മുടെ എഴുത്തുകളും പുസ്തകങ്ങളും വിവർത്തനം ചെയ്യപ്പെടുന്നതോടെ മലയാളിയുടെ ജീവിതവും ലോകമറിയുമെന്നും അദ്ദേഹം പറഞ്ഞു.