തൃശൂര്‍: ഒരു വര്‍ഷമായുള്ള സ്വപ്നങ്ങൾക്ക് വിരാമമിട്ട് ഇന്ന് തൃശ്ശൂർ പൂരം. ഇന്ന് ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം തേക്കിന്‍കാട് മൈതാനത്തും രാജവീഥിയിലും പുരുഷാരം നിറയും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറും. നാടും നഗരവും കണ്ണടച്ചാലും മായാത്ത വര്‍ണങ്ങളുടെ, കാതില്‍ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു കടന്നു കഴിഞ്ഞു. ഓരോ വർഷവും വേറിട്ട അനുഭവമാണ് തൃശ്ശൂർ പൂരം ജനങ്ങൾക്ക് സമർപ്പിക്കുന്നത്. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാരും, താള വാദ്യ രംഗത്തെ കുലപതിമാരും, പ്രൗഢമായ കരിമരുന്നു പ്രയോഗവും, അണിനിരക്കുന്ന പൂരത്തിൽ ഏറ്റവും പ്രധാനമായുള്ളത് കാണികളുടെ അതിശയിപ്പിക്കുന്ന പങ്കാളിത്തമാണ്.
