പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരം. പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. ഇതിലൂടെ ലക്ഷ്യമാക്കുന്നത് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണ്. കോയമ്പത്തൂരില്‍ നിന്നു രാവിലെ എട്ടിന് പുറപ്പെട്ട ട്രെയിൻ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ 11.05നെത്തുകയും, പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ 11.25നെത്തിയ ട്രെയിൻ 11.50നു പാലക്കാട് ജംക്ഷനിൽ മടങ്ങിയെത്തുകയും ചെയ്തു. 12 നു ഇവിടെ നിന്ന് പുറപ്പെട്ട് കോയമ്പത്തൂരിൽ 2.30നെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കുന്നതായിരിക്കും. ഇത് റെയില്‍വേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ.സി. ചെയര്‍ കാര്‍ ട്രെയിനാണ്. പരീക്ഷണ ഓട്ടം നടത്തുന്നത് ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ്. ട്രെയിനിൻ്റെ സമയക്രമത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
