Attack on churches
kerala news

ഇടുക്കിയിൽ അഞ്ച് കുരിശു പള്ളികൾക്ക് നേരെ ആക്രമണം; രൂപക്കൂടുകൾ തകര്‍ത്തു, അന്വേഷണം

ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്‌സ് കുരിശുപള്ളികള്‍ എന്നിവയാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നു പുലര്‍ച്ചെ പള്ളികളില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് സംഭവം കാണുന്നത്. കുരിശു പള്ളികളുടെ ചില്ലുകൾ തകർന്ന നിലയിൽ കാണുകയായിരുന്നു.

നാലടി വീതിയും ആറടി ഉയരവുമുള്ള വാതിലിന്റെ ഗ്ലാസാണ് തകര്‍ന്നത്. പുളിയന്‍ മല പള്ളിക്ക് സമീപമുള്ള ഗ്രോട്ടോയുടെ തുണിനും കേടുപാടുണ്ടായി. അതേസമയം, പുളിയന്‍മല കമ്പനിപ്പടിയില്‍ പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ചില്ല് എറിഞ്ഞു തകര്‍ത്തതിന്റെ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കേസിൽ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവം മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *