തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ വരെ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കായിക പരിപാടികള്‍, പരേഡുകള്‍, തുറസായ സ്ഥലത്തെ ജോലി എന്നിവ 11 മണി മുതല്‍ മൂന്നുമണിവരെ പാടില്ലെന്നും നിർദേശമുണ്ട്. അതിനിടെ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
