Grihashobha project
kerala news

 100 കുടുംബങ്ങള്‍ക്ക് സൗജന്യമായി നിർമിച്ച വീട് കൈമാറി ഗൃഹശോഭ പദ്ധതി

പാലക്കാട്: പിഎന്‍സി മേനോനും ശോഭാ മേനോനും ചേര്‍ന്ന് 1994-ല്‍ സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നിർധനകുടുംബങ്ങൾക്കായി നിർമിച്ച 100 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഗൃഹശോഭ പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്ത 1000 വീടുകളിൽ ആദ്യ 100 വിടുകളുടെ താക്കോല്‍ദാനമാണ് നടന്നത്. ചടങ്ങില്‍ വെച്ച അടുത്ത ഘട്ടത്തില്‍ നിര്‍മിക്കാനിരിക്കുന്ന 120 വീടുകളുടെ തറക്കല്ലിടലും നടന്നു. വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായുള്ള (ശോഭ ലിമിറ്റഡിന്റെ സിഎസ്ആര്‍ പദ്ധതികൾ ഉള്‍പ്പെടെ) ശോഭ കമ്മ്യൂണിറ്റി ഹോം പ്രോജക്റ്റിന്റെ ‘ഗൃഹ ശോഭ 2024’ ന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ പാലക്കാട് ജില്ലയിൽ സ്ത്രീകള്‍ നയിക്കുന്ന 220 നിർധന കുടുംബങ്ങള്‍ക്കാണ് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നത്.

റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ; പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ; തദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് എന്നീ സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റി ശോഭ മേനോൻ ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ രവി മേനോൻ, എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ളവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൂടാതെ, ശോഭ സിഎസ്ആര്‍ വെബ്സൈറ്റിന്റെ ഉത്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു.

ഒരു വീട് വെറുമൊരു അഭയം എന്നതിലുപരി, അത് മെച്ചപ്പെട്ട ജീവിതത്തിനുള്ള അടിത്തറയാണ്. അതിനാൽ പാര്‍പ്പിട സുരക്ഷ നല്‍കുന്നതില്‍ തുടങ്ങി സമഗ്രമായ സാമൂഹിക വികസനത്തിലൂടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുവാന്‍ പ്രതിജ്ഞാബദ്ധരാണ് ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിളില്‍ ട്രസ്റ്റ് എന്ന് ട്രസ്റ്റിന് നേതൃത്വം നല്‍കുന്ന ശോഭ ഗ്രൂപ്പ് സ്ഥാപകനുമായ പി എന്‍ സി മേനോന്‍ പറഞ്ഞു. വ്യക്തികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിലൂടെ, കുടുംബങ്ങളെയും സമൂഹങ്ങളെയും ക്രിയാത്മകമായി സഹായിക്കുന്ന മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *