കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ ഉത്തരവിട്ടു. ഈ മാസം രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.
സംസ്ഥാനത്ത് അതിശക്തമായി വേനല്‍ ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സൂര്യതാപം മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
* നിര്‍മാണതൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, മറ്റ് കാഠിന്യമുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയുളള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുന്ന രീതിയില്‍ ജോലി സമയം ക്രമീകരിക്കേണ്ടതാണ്.
* പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാ വിഭാഗങ്ങള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവരുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് പരേഡും, ഡ്രില്ലുകളും ഒഴിവാക്കേണ്ടതാണ്
* ആസ്ബറ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ എന്നിവ പകല്‍ സമയം അടച്ചിടേണ്ടതാണ്. ഇവ മേല്‍ക്കൂരയായിട്ടുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ ശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടുത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.
* ആശുപത്രികളുടേയും, പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടനടി ചെയ്യേണ്ടതാണ്.
* കാട്ടുതീ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
* ഉച്ചവെയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കേണ്ടതാണ്.
* ലയങ്ങള്‍, ആദിവാസി ആവാസ കേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെളളം ഉറപ്പാക്കേണ്ടതാണ്