സിനിമ കാലത്തിനൊപ്പം മാറിക്കൊണ്ടിരിക്കുന്നു. ഓരോ തലമുറക്കും അവരുടെ സ്വന്തം സിനിമാ അനുഭവങ്ങളുണ്ട്. അതുകൊണ്ടുതന്നെ പഴയ സിനിമകളും പുതിയ സിനിമകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കഥപറച്ചിലിലും അവതരണത്തിലും ട്രെൻഡുകളിലും എല്ലാം വലിയ വ്യത്യാസങ്ങൾ കാണാൻ കഴിയും. എന്നാൽ ഈ മാറ്റങ്ങൾക്കിടയിലും സ്വന്തമായൊരു ഭംഗി ഇന്നും നിലനിൽക്കുന്നു.
പഴയ സിനിമകളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് കഥയും വികാരങ്ങളുമാണ്.കുടുംബബന്ധങ്ങൾ, സ്നേഹം, സൗഹൃദം, ത്യാഗം, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വളരെ ലളിതമായും ഹൃദയസ്പർശിയായ രീതിയിലും അവതരിപ്പിക്കുമായിരുന്നു. കഥാപാത്രങ്ങൾക്കും സംഭാഷണങ്ങൾക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു.
ഒരു സിനിമ കണ്ടാൽ അതിലെ ഡയലോഗുകളും പാട്ടുകളും വർഷങ്ങളോളം ആളുകളുടെ മനസ്സിൽ നിലനിൽക്കും. അന്നത്തെ സിനിമകളിൽ കഥയായിരുന്നു പ്രധാന ശക്തി. വലിയ സാങ്കേതിക സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നെങ്കിലും മികച്ച എഴുത്തും അഭിനയവും കൊണ്ട് സിനിമകൾ ആളുകളെ ആകർഷിച്ചിരുന്നു.
ഇന്നത്തെ സിനിമകൾ പൂർണമായും വ്യത്യസ്തമായ ഒരു അവതരണരീതിയിലേക്കാണ് മാറിയിരിക്കുന്നത്. ടെക്നോളജിയുടെ വളർച്ച സിനിമയുടെ ലോകം തന്നെ മാറ്റിമറിച്ചു. VFX, CGI, ഹൈ കോളിറ്റി ക്യാമറ വർക്ക്,കളർ ഗ്രേഡിംഗ്, ബാഗ്രൗണ്ട് സ്കോർ തുടങ്ങിയ ഘടകങ്ങൾ സിനിമയെ കൂടുതൽ ദൃശ്യവിസ്മയമാക്കുന്നു.ചെറിയ കഥകൾ പോലും വലിയ സിനിമാറ്റിക് എക്സ്പീരിയൻസ് ആക്കി മാറ്റാൻ ഇന്നത്തെ സിനിമക്ക് കഴിയുന്നു.
സിനിമ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പഴയകാലത്ത് കൂടുതലായും ഫാമിലി ഡ്രാമ, റൊമാൻസ്, ഹീറോ സെൻട്രിക് സിനിമകളായിരുന്നു ശ്രദ്ധ നേടിയിരുന്നത്. എന്നാൽ ഇന്ന് വലിയ താരങ്ങൾ ഇല്ലാത്ത സിനിമകൾ പോലും ശക്തമായ കഥയും വ്യത്യസ്തമായ അവതരണവും കൊണ്ടു വിജയിക്കുന്നു.
ത്രില്ലർ,റിയലിസ്റ്റിക് സിനിമ, സൈക്കോളജിക്കൽ ഡ്രാമ, ഡാർക്ക് ഹ്യൂമർ, എന്നിവ പോലുള്ള പുതിയ പരീക്ഷണങ്ങൾ ഇപ്പോൾ നിലവിലുണ്ട്. അതുപോലെ പാൻ ഇന്ത്യൻ സിനിമകളും മൾട്ടി ലാംഗ്വേജ് റിലീസുകളും സിനിമയുടെ വിപണിയെ കൂടുതൽ വിപുലമാകുന്നു.
OTT പ്ലാറ്റ്ഫോമുകളുടെ വരവോടെ സിനിമ കാണുന്ന രീതിയും മാറിയിരിക്കുകയാണ്. ഒരുകാലത്ത് തിയേറ്ററുകളിലേക്കു മാത്രം പരിമിതമായിരുന്ന സിനിമകൾ ഇന്ന് മൊബൈൽ ഫോണുകളിലേക്കും വീടുകളിലേക്കും എത്തി. ലോകത്തിന്റെ വിവിധ ഭാഷകളിലുള്ള സിനിമകൾ ആളുകൾ വളരെ എളുപ്പത്തിൽ കാണുന്നു. അതുകൊണ്ട് പ്രേക്ഷകരുടെ സിനിമാ കാഴ്ചപ്പാടും വളരെയേറെ മാറി. നല്ല കണ്ടൻ്റുകൾ ഉണ്ടെങ്കിൽ ഭാഷയോ താരമൂല്യമോ ഇന്ന് വലിയ പ്രശ്നമല്ല.
പഴയ സിനിമകളിൽ ഓരോ ഗാനത്തിനും കഥയുമായി ബന്ധമുണ്ടായിരുന്നു. ഇന്നും പഴയ പാട്ടുകൾ ആളുകൾ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. എന്നാൽ പുതിയ സിനിമകളിൽ വിഷ്വൽസ്,എഡിറ്റിംഗ് സ്റ്റൈൽ, മേക്കിംഗ് ക്വാളിറ്റി, സൗണ്ട് ഡിസൈൻ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു.
ഇപ്പോൾ സിനിമയിൽ ക്യാമറ ആംഗിളുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളും വെറും സഹായ ഘടകങ്ങൾ മാത്രമല്ല, സിനിമയുടെ ഫീൽ തന്നെ മാറ്റുന്ന പ്രധാന ഭാഗങ്ങളായി മാറിയിരിക്കുകയാണ്. ഒരു സീൻ പ്രേക്ഷകർക്ക് എങ്ങനെ അനുഭവപ്പെടണം എന്ന് വരെ ഇന്നത്തെ സിനിമകൾ ഇതിലൂടെ തീരുമാനിക്കുന്നു.അതോടൊപ്പം ഇന്നത്തെ സിനിമകൾ സാമൂഹിക വിഷയങ്ങളും യുവജനങ്ങളുടെ ജീവിതശൈലിയും വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നു.
സത്യത്തിൽ പഴയ സിനിമകളും പുതിയ സിനിമകളും തമ്മിൽ ഏതാണ് മികച്ചത് എന്ന് പറയുന്നത് എളുപ്പമല്ല.പഴയ സിനിമകൾ ആളുകളുടെ മനസിലേക്ക് നേരിട്ട് തട്ടുന്ന വികാരങ്ങളും ആത്മാർത്ഥതയും കൊണ്ടുവന്നപ്പോൾ, പുതിയ സിനിമകൾ പുതുമയും മികച്ച ടെക്നോളജിയും കൊണ്ട് സിനിമ കാണുന്ന അനുഭവം തന്നെ മാറ്റിയിരിക്കുകയാണ്.
രണ്ടിനും അവരുടെ കാലഘട്ടത്തിന്റെ പ്രത്യേകതകളും സൗന്ദര്യവും ഉണ്ട്. കാലം മാറിയാലും നല്ല കഥകളും ഹൃദയത്തെ സ്പർശിക്കുന്ന കഥാപാത്രങ്ങളും എന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കും.
അതുകൊണ്ട് സിനിമ ഓരോ കാലത്തും പുതിയ രൂപത്തിലും പുതിയ ചിന്തകളിലും ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
