ടെല്‍ അവീവ് : ഗാസ സെന്‍ട്രല്‍ ക്യാമ്പുകളില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ ഹതേം അല്‍റമേരി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം. ഹമാസിന്റെ സെന്‍ട്രല്‍ ക്യാമ്പായ മഗാസി ബറ്റാലിയനില്‍ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഗാസയിലുടനീളം കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പില്‍ നിന്ന് ഭൂരിഭാഗം കരസേനയെയും ഇസ്രയേല്‍ പിന്‍വലിച്ചു. ഹമാസിന്റെ ശക്തികേന്ദ്രമായ റഫയില്‍ തീവ്രവാദ ബറ്റാലിയനുകളെ പൂര്‍ണമായും തുടച്ചു നീക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതിന് ഒരു ദിനം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൃത്യമായ തിയതിയോ സമയമോ അദ്ദേഹം വ്യക്തമാക്കിയില്ല.
എല്ലാ ഇസ്രയേല്‍ ബന്ദികളേയും മോചിപ്പിക്കുകയും ഹമാസിനെതിരെ സമ്പൂര്‍ണ വിജയം നേടുകയും എന്നതാണ് ലക്ഷ്യം. അതിനായി നിരന്തരം പ്രയത്‌നിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 7 ന് ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 240 ഇസ്രായേലികളും വിദേശികളും ബന്ദികളാക്കപ്പെടുകയും ചെയ്തു. ബാക്കിയുള്ള 134 ബന്ദികളില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഈ അടുത്ത് പറഞ്ഞിരുന്നു.