സംസ്ഥാനത്ത് താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 16 വരെയാണ് താപനില കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. സാധാരണയെക്കാൾ രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിച്ചേക്കാം. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ എത്താം. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിപ്പ് നൽകി.
അതേസമയം കഴിഞ്ഞദിവസം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വേനൽ മഴ പെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴയാണ് കിട്ടിയത്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭ്യമായിരുന്നു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ ലഭിച്ചു.