സ്വന്തം പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട് വിട്ടു മാറുന്നതിനു മുന്നേ തന്നെ തെലങ്കാനയിലെ ചേവല്ല പാർലമെന്റ് മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുകയാണ് എറണാകുളത്തെ യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ. എ ഐ സി സിയുടെ പ്രത്യേക നിരീക്ഷകനായാണ് ഹൈബി തെലുങ്കാനയിലെത്തിയത്. എൻ എസ് യു ഐ അഖിലേന്ത്യാ അധ്യക്ഷൻ ആയിരുന്ന ഹൈബിയുടെ പരിചയ സമ്പന്നത മണ്ഡലത്തിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.പാർലമെന്റിൽ ഹൈബിയുടെ സഹപ്രവർത്തകനായ ഡോ.രഞ്ജിത്ത് റെഡ്ഢിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. നിലവിലെ ലോകസഭയിൽ ടി ആർ എസിനെ പ്രതിനിധീകരിച്ചുള്ള എം പി ആയിരുന്നു രഞ്ജിത്ത് റെഡ്ഢി.
മഹേശ്വരം,രാജേന്ദ്രനഗർ,സെരിലിംഗംപള്ളി,ചേവല്ല,പാർഗി,വിക്രബാദ്, തണ്ടൂർ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങൾ കൂടി ചേർന്നതാണ് ചേവല്ല പാർലമെന്റ് നിയോജക മണ്ഡലം. മണ്ഡലത്തിലെ വിവിധ വിഭാഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ഹൈബി ഇതിനകം തന്നെ കൂടിക്കാഴ്ചകൾ നടത്തി കഴിഞ്ഞു. മഹേശ്വരത്തെ തുക്കുഗുഡ, വികരബാദ് അർബൻ മേഖല,രാജേന്ദ്ര നഗർ ഷംഷാബാദ് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ തെല്ലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയോടൊപ്പം ഹൈബി റോഡ് ഷോകളിൽ പങ്കെടുത്തു. വലിയ നേട്ടം ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തെലങ്കാനയിൽ ഉണ്ടാകുമെന്ന് ഹൈബി പറഞ്ഞു.