കൊച്ചി: എറണാകുളം ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി. ഇന്നലെ ജില്ലയിൽ 33 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇനിയുള്ള ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ തൊഴിൽ സമയം ഉൾപ്പെടെ ക്രമീകരിച്ച് ചൂടിനെ പ്രതിരോധിക്കാനാണ് നൽകിയിരിക്കുന്ന നിർദേശം.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ ജില്ലയിൽ രേഖപ്പെടുത്തുന്നത്. താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതയിലാണ്. വെയിൽ കൂടിയ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. ദാഹമില്ലെങ്കിലും കൂടുതൽ വെള്ളം കുടിക്കണം. ജലാംശം അടങ്ങിയ പഴവർഗങ്ങൾ കഴിക്കണമെന്നും നിർദേശത്തിലുണ്ട്.